- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം - അങ്കമാലി ദേശീയപാതയുടെ സ്ഥലമെടുപ്പു വേഗത്തിലാക്കുന്നു; കോട്ടയത്തും കൊച്ചിയിലും പുതിയ പ്രോജക്ട് ഓഫിസ് തുറന്നു
തിരുവനന്തപുരം: നിർദിഷ്ട തിരുവനന്തപുരം അങ്കമാലി ദേശീയപാതയുട സ്ഥലമെടുപ്പ്് വേഗത്തിലാക്കാൻ നീക്കം. പാതയ്ക്ക് വേണ്ടി കോട്ടയവും കൊച്ചിയും കേന്ദ്രീകരിച്ചു പുതിയ പ്രോജക്ട് ഓഫിസ് ആരംഭിച്ചു. തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിലുണ്ടായിരുന്ന ദേശീയപാത 66 ലെ തുറവൂർ പറവൂർ, പറവൂർ കൊറ്റുകുളങ്ങര റീച്ചുകളും കൊച്ചി പ്രോജക്ട് ഓഫിസിനു കീഴിലുണ്ടായിരുന്ന അരൂർ തുറവൂർ റീച്ചും കൊച്ചിൻ പ്രോജക്ട് ഓഫിസിനു ( കൊച്ചിൻ 2 ) കീഴിലേക്കു മാറ്റി. രണ്ടു പ്രോജക്ട് ഓഫിസുകളിലും പ്രോജക്ട് ഓഫിസർമാരെയും നിയമിച്ചു. ഇവർക്കു പുതിയ ഓഫിസ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പുതിയ തസ്തികകളും അനുവദിക്കും.
പൂർണമായും പുതിയ പാതയായി നിർമ്മിക്കുന്ന (ഗ്രീൻഫീൽഡ്) തിരുവനന്തപുരം അങ്കമാലി ദേശീയപാതയുടെ നടപടികൾ തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിലാണ് തുടങ്ങിയത്. എന്നാൽ, ആറു ജില്ലകളിലൂടെ കടന്നു പോകുന്ന ദേശീയപാത ആയതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ തിരക്കു കുറയ്ക്കാനുമാണ് പുതിയ പ്രോജക്ട് ഓഫിസ് ആരംഭിച്ചത്. തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിൽ കായംകുളം കൊറ്റുകുളങ്ങര മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത 66 ന്റെ റീച്ചുകൾ, കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത, തിരുവനന്തപുരം ഔട്ടർ റിങ് റോഡ് എന്നിവയുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.
നിലവിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദേശീയപാതകൾക്ക് എവിടെയെങ്കിലും ആവശ്യമായ 45 മീറ്റർ വീതി ഇല്ലെങ്കിലും നിർമ്മാണം നിർത്തേണ്ടതില്ലെന്നു ദേശീയപാത അഥോറിറ്റി നിർദേശിച്ചു. 45 മീറ്ററിൽ ആറു വരി പാതയായി നിർമ്മാണം പുരോഗമിക്കുന്ന എൻഎച്ച് 66 ഉൾപ്പെടെയുള്ള റോഡുകൾക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ സാങ്കേതിക പിഴവു കാരണം ചിലയിടങ്ങളിൽ 45 മീറ്റർ വീതി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
നിർദിഷ്ട ശബരിമല വിമാനത്താവളത്തിലേക്കും കൊച്ചിയിലേക്കും തിരക്കില്ലാതെ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാകും പാതയുടെ നിർമ്മാണം. വിഴിഞ്ഞം തുറമുഖത്തെയും മധ്യകേരളത്തെയും ബന്ധിപ്പിക്കുന്ന പാതയായും ഇത് മാറും. ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക കേന്ദ്രസർക്കാരും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പാതയുടെ നിർമ്മാണം തുടങ്ങിയേക്കും. പാതയ്ക്കായി ആയിരം ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള ആറ് ജില്ലകളിലെ 12 താലൂക്കുകളിലൂടെയും 79 വില്ലേജുകളിലൂടെയുമാണ് പാത കടന്നു പോകുന്നത്. 240 കിലോമീറ്റർ ദൈർഘ്യമുള്ള പാതയായിരിക്കുമിത്.




