- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ട വാഹനത്തിൽ നിന്നും 17,840 രൂപ മോഷണം പോയി; താമരശ്ശേരിയിൽ വീണ്ടും ഹൈവേ കവർച്ച; പണം നഷ്ടമായത് കപ്പ വ്യാപാരിക്ക്
താമരശ്ശേരി: താമരശ്ശേരി ഹൈവേയിൽ കവർച്ച. നിർത്തിയിട്ട വാഹനത്തിൽ നിന്നും 17,840 രൂപ കവർന്നു. താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഗുഡ്സ് ഓട്ടോ നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കപ്പ വ്യാപാരിയായ വയനാട് പുൽപ്പള്ളി ഇരുളം പെരുമണ്ണിൽ മുഹമ്മദിന്റെ പണമാണ് കവർന്നത്. പേരാമ്പ്രയിൽ കപ്പ വിൽപ്പന നടത്തി തിരികെ വരുമ്പോൾ ഗുഡ്സ് ഓട്ടോ താമരശ്ശേരി ചുങ്കം ടൗൺ മസ്ജിദിന് മുൻവശം നിർത്തിയിട്ട ശേഷം കടവരാന്തയിൽ ഉറങ്ങുകയായിരുന്നു ഇദ്ദേഹം.
രാവിലെ അഞ്ചരയോടെ ഉണർന്നപ്പോൾ വാഹനത്തിന്റെ ഡോർ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. ഡാഷ് ബോർഡ് പരിശോധിച്ചപ്പോഴാണ് അതിൽ സൂക്ഷിച്ച പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. താമരശ്ശേരി പൊലീസിൽ പരാതി നൽകി.
അടുത്തിടെ പുതുപ്പാടി കൈതപ്പൊയിലിൽ വാഹനം നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു പിക്കപ്പ് ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത് 60,000 രൂപ അപഹരിച്ചിരുന്നു. വാഹനം പിന്നീട് കൊടുവള്ളി വാവാട് ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ കേസിൽ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് വീണ്ടും സമാന രീതിയിൽ കവർച്ച നടന്നത്.