കൊല്ലം: അഞ്ചലില്‍ ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. പുനലൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അറ്റന്‍ഡന്‍സ് രജിസ്റ്ററുള്‍പ്പെടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി തഹസില്‍ദാര്‍ കണ്ടെത്തിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ക്ക് തഹസില്‍ദാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അഞ്ചലിലെ ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ആശുപത്രി അടച്ചിട്ട് വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.