- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺകുട്ടികളും ഇനി മുതൽ രാത്രിയിൽ പുറത്ത് കറങ്ങണ്ട; ഹോസ്റ്റലിലെ പ്രവേശന സമയത്തിൽ ആൺ-പെൺ വിവേചനം പാടില്ലെന്ന് സർക്കാർ; കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിഷയത്തിലെ നടപടി പെൺകുട്ടികളുടെ സമരത്തെ തുടർന്ന്
കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ആൺകുട്ടികളും ഇനി മുതൽ രാത്രി 9.30 ന് ശേഷം അനുവാദമില്ലാതെ പുറത്തിറങ്ങണ്ടെന്ന് സർക്കാർ.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ പ്രവേശന സമയത്തിൽ ആൺ-പെൺ വിവേചനം പാടില്ലെന്നാണ് സർക്കാരിന്റെ ഉത്തരവ്.ആൺകുട്ടികളും രാത്രി ഹോസ്റ്റലിൽ പ്രവേശിക്കേണ്ട സമയം 9.30 ആക്കി നിജപ്പെടുത്തിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്.
ഹോസ്റ്റൽ പ്രവേശന സമയത്തിൽ നിയന്ത്രണം പാടില്ലെന്നാവശ്യപ്പെട്ടുള്ള പെൺകുട്ടികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് ഹോസ്റ്റൽ പ്രവേശന സമയം ആൺകുട്ടികൾക്കും കർശനമാക്കിക്കൊണ്ടുള്ള ഉത്തരവ്.ഹോസ്റ്റൽ പ്രവേശനത്തിന് സമയപരിധി വെച്ചുകൊണ്ടുള്ള നിയന്ത്രണം പാടില്ലെന്ന പെൺകുട്ടികളുടെ ആവശ്യം പരിഗണിക്കുന്നതിന് പകരം, ആൺകുട്ടികളുടെ സമയംകൂടി വെട്ടിച്ചുരുക്കി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.
സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം പ്രവേശന സമയത്തിൽ ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് കർശന നിയന്ത്രണം ബാധകം.രണ്ടാം വർഷം മുതലുള്ള വിദ്യാർത്ഥികൾക്ക് സമയത്തിൽ ഇളവ് നൽകിയിട്ടുണ്ട്.രാത്രി 9.30-ന് ശേഷമെത്തുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് കാണിച്ച് രജിസ്റ്ററിൽ ഒപ്പുവെച്ച് ഹോസ്റ്റലിനുള്ളിലേക്ക് കയറാം.വിദ്യാർത്ഥികൾക്ക് ഏതെങ്കിലും കാര്യത്തിന് പുറത്തുപോവണമെങ്കിൽ രക്ഷിതാക്കളുടെ മുൻകൂട്ടിയുള്ള അനുമതിപത്രത്തോടെ പ്രവേശന സമയത്തിൽ പ്രത്യേക ഇളവ് നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഹോസ്റ്റൽ പ്രവേശനത്തിനുള്ള സമയനിയന്ത്രണത്തിനെതിരായിരുന്നു പെൺകുട്ടികൾ പ്രധാനമായും സമരംചെയ്തിരുന്നത്.രാത്രി 9.30-നുള്ളിൽ ഹോസ്റ്റലിൽ കയറണമെന്ന നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിദ്യാർത്ഥിനികളുടെ നിലപാട്.സമയ നിയന്ത്രണമില്ലാതെ ആൺകുട്ടികൾ ഹോസ്റ്റലിൽ പ്രവേശിക്കുന്നുവെന്ന കാര്യവും വിദ്യാർത്ഥിനികൾ ചൂണ്ടിക്കാണിച്ചിരുന്നു.അതേസമയം, നേരത്തെതന്നെ ഹോസ്റ്റലിലെ സമയക്രമം 9.30 ആയിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്.പെൺകുട്ടികൾക്ക് ഇത് കർശനമായി നടപ്പാക്കപ്പെടുകയും ആൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താതിരിക്കുന്നതുമായിരുന്നു പതിവ്.ഇതാണ് പുതിയ ഉത്തരവിലൂടെ മാറുന്നത്.
മറുനാടന് മലയാളി ബ്യൂറോ