അടൂർ: ഹോട്ടൽ ജീവനക്കാർ തമ്മിലുള്ള വാക്കേറ്റം സംഘട്ടനത്തിൽ കലാശിച്ചു. രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു ഹോട്ടൽ അടിച്ചു തകർത്തു. മുൻവൈരാഗ്യം നിമിത്തം പുറമേ നിന്നുള്ളവർ ഇടപെട്ട് ജീവനക്കാരെ മനഃപൂർവം മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഹോട്ടൽ ഉടമയുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ബൈപ്പാസിലുള്ള ഹോട്ടൽ ഡയാനയാണ് അടിച്ചു തകർത്തത്. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം ഉള്ളൂർ ചെറുവക്കൽ നീരാളി ലൈനിൽ ജോയ് ഭവനിൽ ഫിലിപ്പ് വർഗീസിന്റെ ഭാര്യ സോണിയ വർഗീസിന്റെ മൊഴി ഇങ്ങനെ:
ഹോട്ടൽ ഡയാനയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ ശിവ, ഹാജക്ക് എന്നിവർ എതിർവശത്തുള്ള ഹൈവേ കിച്ചൻ എന്ന ഹോട്ടലിലെ ജീവനക്കാരുമായി തർക്കം ഉണ്ടായി. ഇത് പരിഹരിക്കാൻ ഡയാന ഹോട്ടലിലെ മാനേജർമാരായ വിപിൻ ജോസ്, അലിൻ ജോസ് എന്നിവർ ചെന്നു.

ഈ സമയം അടൂർ നഗരസഭയിലെ മുൻ കൗൺസിലർ ആയിരുന്ന അയ്യൂബ് കുഴിവിള, ബിലാൽ, അടുത്തുള്ള ഫ്രൂട്ട്സ് കടയിലെ മറ്റൊരാളും കണ്ടാൽ അറിയാവുന്ന പത്തോളം പേരും ചേർന്ന് വിപിനെയും അലനെയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. മർദനം സഹിക്കാൻ കഴിയാതെ വിപിനും അലനും ഡയാന ഹോട്ടലിലേക്ക് ഓടിക്കയറി. പിന്നാലെ ചെന്ന അക്രമി സംഘം കമ്പി വടി കൊണ്ട് ഇവരെ അടിക്കുകയും ഹോട്ടലിലെ ക്യാബിൻ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. സ്വൈപ്പിങ് മെഷീൻ കൊണ്ട് വിപിൻ ജോസിന്റെ തലയ്ക്ക അടിച്ചു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ അക്രമികളെ തിരിച്ചറിയാമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അലന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. മൂക്കിലും ചെവിയിലും നിന്ന് രക്തം വന്നു. കൈയുടെ വിരൽ മുറിഞ്ഞിട്ടുണ്ട്. വിപിന്റെ തലയ്ക്കും കാലിനുമാണ് മുറിവ്. ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഹോട്ടലിന് 30000 രൂപയുടെ നാശനഷ്ടം നേരിട്ടു. മുപ്പതോളം പേർ ചേർന്നാണ് ആക്രമണം നടത്തിയത്. മനഃപൂർവം ആക്രമിക്കുായിരുന്നുവെന്നാണ് പരാതി. ഈ ഹോട്ടലിലേക്ക് പ്രതികളിൽ ഒരാളിൽ നിന്നുമാണ് ചിക്കൻ വാങ്ങിയിരുന്നത്. കുറേ നാൾ മുൻപ് ഇയാളിൽ നിന്നും ചിക്കൻ വാങ്ങുന്നത് നിർത്തി മറ്റൊരാളിൽ നിന്ന് എടുക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ വിരോധമാണ് ഹോട്ടലിന് നേരെ ആക്രമണം നടത്താൻ കാരണമെന്ന് പറയുന്നു.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ ഉടമ വഴങ്ങിയില്ല. ഇതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.