ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം നടന്നത്. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു.

ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ തമിഴ്‌നാട് സ്വദേശികളായ യാത്രക്കാരെ രക്ഷിച്ചു. ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി.

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.

ഇന്നു രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട 'റിലാക്സ് കേരള' എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞത്. അടിത്തട്ട് തകർന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

പതുക്കെയാണ് ബോട്ടിലേക്ക് വെള്ളം കയറി മുങ്ങിയത് എന്നതുകൊണ്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചത്. ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റിലാക്സിങ് കേരള എന്ന ഹൗസ്ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അനസ് എന്നയാൾ ലീസിനെടുത്ത് ഓടിക്കുകയായിരുന്നു ഈ ബോട്ട്.

താനൂർ അപകടത്തിന് പിന്നാലെ ആലപ്പുഴയിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. എന്നാൽ ഈ പരിശോധനകളിൽ ബോട്ടുകളുടെ കാലപ്പഴക്കം കണ്ടെത്താനായില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.