പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയും തിരികെ വീട്ടിലെത്തി വിശ്രമിക്കുകയുമായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഭർത്താവ് സൈക്കിൾ സജി എന്ന് വിളിക്കുന്ന സജി സുജയെ മർദിച്ച കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

പത്തനംതിട്ടയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന സജി മദ്യപിച്ച ശേഷമാണ് സുജയെ ക്രൂരമായി മർദ്ദിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായത് അടക്കം ഗുരുതരമായി പരുക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സജിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായിരുന്നു സുജ. ഇന്ന് പുലർച്ചെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായ സജി മദ്യപിച്ച ശേഷം സുജയെ മർദിക്കുകയും സമീപവാസികളുമായി പ്രശ്നമുണ്ടാവുകയും ചെയ്യുന്നത് പതിവാണ്. മക്കൾ: സൗമ്യ, സ്വപ്ന.