- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗത കുരുക്കേറുന്നു; വാഹനങ്ങള്‍ ടോള്‍ കടന്നത് പത്ത് മിനിറ്റിലേറെ സമയമെടുത്ത്; ബ്ലോക്കില്‍പ്പെട്ട് നൂറു കണക്കിന് വാഹനങ്ങള്‍
പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗത കുരുക്കേറുന്നു
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്ക് ഏറുന്നു. ഇന്നലെ വന്‍ തിരക്കാണ് ടോള്‍പ്ലാസയില്‍ അനുഭവപ്പെട്ടത്. 10 മിനിറ്റിലേറെ സമയമെടുത്താണ് ഇന്നലെ വൈകുന്നേരത്ത് വാഹനങ്ങള്‍ ടോള്‍പ്ലാസ മറികടന്നത്. ഓണക്കാലമെത്തിയതോടെ പാലിയേക്കര കടക്കുന്ന വാഹനങ്ങളുടെ തിരക്ക് കൂടുകയാണ്. ഇന്നലത്തെ തിരക്കില്‍ ടോള്‍പ്ലാസയുടെ ഇരുവശത്തുമായി പാലിയേക്കര മേല്‍പാലത്തിലും മണലി പാലത്തിലും വരെ വാഹനനിര എത്തിയിരുന്നു.
നൂറുകണക്കിന് വാഹനങ്ങളാണ് ഇരു സൈഡുകളിലുമായി ഇന്നലെ ബ്ലോക്കില്‍പ്പെട്ടു കിടന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. ആമ്പല്ലൂര്‍, പുതുക്കാട് സിഗ്‌നലുകളിലും വാഹനങ്ങളുടെ വലിയനിരയായിരുന്നു. സാധാരണയിലും ഇരട്ടിയോളം വാഹനങ്ങള്‍ ദേശീയപാതയിലെത്തിയെന്നും വാഹനസാന്ദ്രതയാണ് ഗതാഗതക്കരുക്കിന് കാരണമെന്നും ഇവര്‍ പറയുന്നു. കല്യാണം തുടങ്ങി ഒട്ടേറെ ആഘോഷ പരിപാടികള്‍ ഇന്നലെ ഉണ്ടായിരുന്നതാണ് തിരക്ക് കൂടാന്‍ കാരണം. ഇന്നലെ കൂടുതലും ടോളില്‍ എത്തിയത് കാറുകളായിരുന്നുവെന്ന് ടോള്‍പ്ലാസ അധികൃതര്‍ പറഞ്ഞു.
ടോള്‍പ്ലാസയിലെ ഗതാഗതക്കരുക്ക് പരിഹരിക്കാനും ടോള്‍ പിരിവ് വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് എന്‍എച്ച്എഐ ഫാസ്ടാഗ് കൊണ്ടുവന്നത്. എങ്കിലും ചില സമയങ്ങളില്‍ തിരക്ക് കൂടുകയാണ്. വാഹനനിര പരിധിയില്‍ കൂടുതലാകുമ്പോള്‍ ദേശീയപാത സ്തംഭിക്കാതിരിക്കാന്‍ ടോള്‍ ഗേറ്റ് തുറന്നുവിട്ട് വാഹനങ്ങള്‍ കടത്തിവിടണമെന്ന നിയമം കഴിഞ്ഞമാസമാണ് എന്‍എച്ച്എഐ റദ്ദാക്കിയത്. ഫാസ്ടാഗ് വന്നതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടോള്‍ കമ്പനിക്ക് പണം ടാഗില്‍ നിന്നു ലഭിക്കേണ്ടതാണ്.
20 കിലോമീറ്റര്‍ വേഗത്തില്‍ കടന്നുപോയാലും ടോള്‍ പിരിക്കാനാകുമെന്നാണ് എന്‍എച്ച്എഐയും ടോള്‍ കമ്പനികളും ഫാസ്ടാഗ് പ്രാബല്യത്തിലാക്കുന്ന കാലഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നത്. ഓരോ വാഹനവും നിര്‍ത്തിച്ച് കടത്തിവിടുന്നതുമൂലം തിരക്കേറിയ സമയങ്ങളില്‍ വാഹനനിര കൂടുകയാണ്.