മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ വ്യായാമം ചെയ്യാനും വിനോദങ്ങളിൽ ഏർപ്പെടാനും വേണ്ടത്ര സൗകര്യങ്ങളില്ലെന്ന തടവുകാരന്റെ പരാതി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജയിൽ സൂപ്രണ്ട് സമർപ്പിച്ച വിശദീകരണ റിപ്പോർട്ട് പരിഗണിച്ചാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതി തള്ളിയത്.

മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. ജയിലിൽ കളിസ്ഥലമില്ലെന്നും തടവുകാർക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമില്ലെന്നുമായിരുന്നു ഇദ്ദേഹം കമ്മീഷനെ അറിയിച്ചത്.

എന്നാൽ, ജയിൽ സൂപ്രണ്ട് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ ഈ ആരോപണങ്ങൾ നിഷേധിച്ചു. ജയിലിന്റെ നടുമുറ്റത്ത് വ്യായാമത്തിനുള്ള സൗകര്യമുണ്ടെന്നും വിനോദ വിനോദത്തിനുള്ള സംവിധാനങ്ങൾ ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷവും അവധി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയും തടവുകാർക്ക് ടെലിവിഷൻ കാണാൻ സൗകര്യമുണ്ടെന്നും സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. കൂടാതെ, ഫുട്‌ബോൾ, വോളിബോൾ, കാരംസ്, ചെസ്സ് തുടങ്ങിയ കളികൾ സെല്ലുകളിൽ ലഭ്യമാണ്. പരാതിക്കാരൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്നും ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.