വയനാട്: അരി തരം മാറ്റി വിൽക്കുന്നത് തടയാൻ ചാക്കുകളിൽ നെല്ലിനത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അരിയുടെ ഗുണ നിലവാരം ഉറപ്പിക്കുന്നതിന് റൈസ് ക്വാളിറ്റി സ്റ്റാൻഡൈസേഷൻ നടപ്പാക്കുന്നത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അരിയിൽ മായം കലർത്തുന്നതായി ആരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്.

ഭക്ഷ്യസുരക്ഷാ കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഭക്ഷ്യ സാധനങ്ങളിൽ മായം കലർത്തുന്നത് കർശനമായി തടഞ്ഞിട്ടുണ്ടെന്നും ഇവ കണ്ടെത്താൻ പരിശോധനകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ഏപ്രിൽ മുതൽ 2024 ജൂൺ വരെ നടത്തിയ 1233 സാമ്പിൾ പരിശോധനയിൽ അരിയിൽ കളർ ചേർക്കുന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 54 സാമ്പിളുകൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അമ്പലവയൽ സ്വദേശി അജി തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി.