- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നിപ്പടക്കം വച്ച് മ്ലാവിനെ പിടികൂടി; ഇറച്ചിയാക്കി കടത്തുന്നതിനിടെ രണ്ടു പേർ വനപാലകരുടെ പിടിയിൽ; ഇറച്ചിയും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു
പത്തനംതിട്ട: മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് വേട്ടയാടിയ കേസിൽ രണ്ട് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഇറച്ചിയും പന്നിപ്പടക്കവും പിടിച്ചെടുത്തു. ഇറച്ചിയുമായി വന്ന വാഹനം കസ്റ്റഡിയിൽ എടുത്തു. ചിറ്റാർ നീലിപിലാവ് കോയിക്കലേത്ത് വീട്ടിൽ കെ.കെ. അംബുജാക്ഷൻ, ചിറ്റാർ തെക്കേക്കര പുളിമൂട്ടിൽ പി.പി. രാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തണ്ണിത്തോട് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഗോപകുമാർ, സെക്്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഷിനോജ്, അമൃത ശിവരാമൻ, ആദിത്യ, ബിജു, ചിറ്റാർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷിജു എസ്.വി. നായർ, സെക്്ഷൻ ഫോറസ്റ്റ് ഓഫിസർ രാജ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആമിന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി വടശേരിക്കര റേഞ്ചിൽ ഉൾപ്പെടുന്ന വനപ്രദേശങ്ങളിൽ വേട്ടക്കാരുടെ സാന്നിധ്യമുണ്ടാവുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഓഫിസർ വി.കെ രതീഷിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതികൾ വലയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആറുവരെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്