കാസര്‍കോട്: കായികാധ്യാപിക ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കഠിനതടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ദേശീയ കബഡിതാരം കൂടിയായിരുന്ന ബേഡകം ചേരിപ്പാടിയിലെ പ്രീതി (27) ആത്മഹത്യചെയ്ത കേസില്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി എ.മനോജാണ് ശിക്ഷ വിധിച്ചത്. ഗാര്‍ഹികപീഡനം കാരണം പ്രീതി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് (38) ഏഴുവര്‍ഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് (59) അഞ്ചുവര്‍ഷം കഠിനതടവും ഒരുലക്ഷം വീതം പിഴയുമാണ് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. സ്ത്രീധനപീഡനത്തിന് രണ്ടുപ്രതികള്‍ക്കും രണ്ടുവര്‍ഷം കഠിനതടവും ഒരുലക്ഷംവീതം പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.

പിഴത്തുകയായ നാലുലക്ഷം അടച്ചാല്‍ അത് പ്രീതിയുടെ മകള്‍ക്ക് നല്‍കണമെന്നും ജില്ലാ നിയമസേവന അതോറിറ്റി അന്വേഷിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. രാകേഷ് കൃഷ്ണയുടെ അച്ഛന്‍ ടി.കെ.രമേശന്‍ കേസില്‍ രണ്ടാംപ്രതിയായിരുന്നു. വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചു.

2017 ഓഗസ്റ്റ് 18-നാണ് ചേരിപ്പാടിയിലെ വീട്ടില്‍ പ്രീതി തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നായിരുന്നു ആരോപണം. ബേഡകം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് സബ്ഇന്‍സ്‌പെക്ടറായിരുന്ന എ.ദാമോദരനാണ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് കാസര്‍കോട് ഡിവൈ.എസ്.പി.യായിരുന്ന എം.വി.സുകുമാരന്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ.ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി.