- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; ഓണം ലക്ഷ്യമിട്ടെത്തിച്ച നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നാല് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഓണം വിപണി ലക്ഷ്യമിട്ട് മലേഷ്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായാണ് തൃശൂർ പൊറത്തിശ്ശേരി സ്വദേശി സെബി പിടിയിലായത്.
ഓണക്കാലത്തോടനുബന്ധിച്ച് കൊച്ചി വഴി വൻതോതിൽ ലഹരിമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന് കസ്റ്റംസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും മറ്റ് കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് വിമാനത്താവളത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു.
ഈ കർശന പരിശോധനകളുടെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ മലേഷ്യയിൽ നിന്നെത്തിയ വിമാനത്തിലെ കാർഗോയിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കൾ എന്ന വ്യാജേന കൊണ്ടുവന്ന പായ്ക്കറ്റുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായാണ് ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിയിലായ സെബിയെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.