മലപ്പുറം: മലപ്പുറം കാളികാവിൽ തെളിഞ്ഞ ആകാശത്തുനിന്ന് 50 കിലോയോളം തൂക്കമുള്ള കൂറ്റൻ ഐസ് കട്ട വീടിന് മുകളിൽ പതിച്ചു. കാളികാവ് മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവറായ കൊമ്പൻ ഉമ്മറിന്റെ വീടിനു മുകളിലാണ് ഞായറാഴ്ച രാത്രി 8:30 ഓടെയാണ് ഈ അപൂർവ സംഭവം നടന്നത്.

വീടിന് മുകളിൽ വലിയൊരു ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി പുറത്തേക്ക് ഓടി. ആദ്യം ഇടിമിന്നലേറ്റതാണെന്ന് സംശയിച്ചെങ്കിലും, വീടിന്റെ മേൽക്കൂരയിൽ നിന്ന് ഐസ് പാളികളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതോടെയാണ് സംഭവം മനസ്സിലായത്. ഏകദേശം 50 കിലോയോളം ഭാരമുണ്ടായിരുന്ന ഐസ് കട്ട വീഴ്ചയിൽ ചിന്നിച്ചിതറിപ്പോയിരുന്നു.

കോൺക്രീറ്റ് വീടിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ജനങ്ങളോ വാഹനങ്ങളോ ഉള്ള സ്ഥലത്തേക്കാണ് ഐസ് കട്ട വീണിരുന്നതെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. അതുകൊണ്ട് തന്നെ വലിയൊരു അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു. വേനൽ മഴയിൽ ആലിപ്പഴം വീഴാറുണ്ടെങ്കിലും, ഇത്രയും ഭാരമുള്ള ഐസ് കട്ട വീഴുന്നത് അത്യപൂർവമായ കാഴ്ചയായിരുന്നു.