തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവര്‍മാരുമായി സംഘര്‍ഷത്തിന് ഇടയാക്കുന്നത് പരിഗണിച്ചാണ് തീരുമാനം.

ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവര്‍മാരുമായി പതിവായി സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം. മോട്ടോര്‍ വാഹനവകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്യാസ് ഫ്രാന്‍സീസ് സമര്‍പ്പിച്ച നിര്‍ദ്ദേശമാണ് മാര്‍ച്ച് ഒന്നുമുതല്‍ പ്രാവര്‍ത്തികമാക്കുന്നത്,

കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളില്‍ യാത്രാവേളയില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തന രഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം എന്ന് മലയാളത്തിലും if the fare meter is not working journey is free എന്ന് ഇംഗ്‌ളീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ ഇതേസ്ഥാനത്ത് ഇരുണ്ട പശ്ചാത്തലത്തില്‍ വെള്ല അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന ഫോണ്ട് വലുപ്പത്തില്‍ എഴുതിവയ്ക്കണം.

കഴിഞ്ഞ 24ന് ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിയുടെ യോഗം നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും.

ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ ടാക്സി സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന വലിയ തുക പിഴയായി ഈടാക്കും. ഫിറ്റ്നസ് ടെസ്റ്റ് പാസാകുന്നതിനുള്ല വ്യവസ്ഥകളിലും ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും. സ്റ്റിക്കര്‍ പതിക്കാതെ ടെസ്റ്റന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് ആര്‍.ടി.ഒമാര്‍ക്കും എന്‍ഫോഴ്സസ്മെന്റ് ഓഫീസര്‍മാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും നിര്‍ദ്ദേശമുണ്ട്.