തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തിൽനിന്നും എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് കിട്ടുമെന്ന് ഇപ്പോൾ ഉറപ്പാണെന്ന് മന്ത്രി ആന്റണി രാജു. വരുമാനം നല്ലതു പോലെ കൂട്ടിയാൽ ശമ്പളം ഒന്നാം തീയതി തന്നെ ലഭ്യമാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ആസ്ഥാനത്ത് സ്ഥാപിച്ച സോളർ പവർ പ്ലാന്റ്, ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ഇസർവീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രതിദിന കളക്ഷൻ റെക്കോർഡ് നേടുന്നതിന് പ്രയത്‌നിച്ച ജീവനക്കാക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു.

കെഎസ്ആർടിസിയെ സംബന്ധിച്ച് അഭിമാനകരമായ പദ്ധതികൾക്കാണ് തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരിൽ നിന്നും മികച്ച സഹകരണമാണ് ഇപ്പോൾ സർക്കാരിന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലം വാർത്ത സൃഷ്ടിച്ച സ്ഥാപനമാണ് കെഎസ്ആർടിസി. അതിനുള്ള പ്രധാന കാരണം ജനങ്ങളും മാധ്യമങ്ങളും കെഎസ്ആർടിസിയെ നെഞ്ചോട് ചേർത്തതുകൊണ്ടാണ്. ലാഭം മാത്രമല്ല കെഎസ്ആർടിസിയുടെ ലക്ഷ്യം, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തിൽ നിന്നായാൽ അത്രയും നല്ലതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയെ നിലനിർത്താൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ജീവനക്കാർക്ക് വേണ്ടി ശമ്പള പരിഷ്‌കരണം യാഥാർത്ഥ്യമാക്കി. ഇന്ധന വിലവർദ്ധനവ് ഉൾപ്പടെ പലകാര്യങ്ങളും തകിടം മറിച്ചിട്ടും സർക്കാർ സഹായത്താൽ പിടിച്ചു നിന്നു. രാജ്യത്തെ മറ്റുള്ള ആർടിസികളിൽ ഉള്ളവരെക്കാൾ വളരെ ആത്മാർത്ഥതയുള്ളവരാണ് കെഎസ്ആർടിസിയിലെ ജീവനക്കാർ. അതുകൊണ്ട് പ്രതിദിനം 8 കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി ഇനിയും മുന്നോട്ട് പോകണമെന്നും അതിന് ജീവനക്കാർ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 ശമ്പളം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തിൽ നിന്നും ഓരോ മാസം 5 തീയതിക്ക് മുൻപ് ശമ്പളം കിട്ടുമെന്ന് ഇപ്പോൾ ഉറപ്പാണ്. ആ സാഹചര്യത്തിൽ വരുമാനം നല്ലത് പോലെ കൂട്ടിയാൽ ശമ്പളം 1 തീയതി തന്നെ ലഭ്യമാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി കൺസഷൻ അടുത്ത അധ്യായന വർഷത്തിൽ ഓൺലൈനിലേക്ക് മാറ്റും. കെഎസ്ആർടിസി- സ്വിഫ്റ്റിനെക്കുറിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും കെഎസ്ആർടിസി സ്വിഫ്റ്റിന് ലഭിക്കുന്ന ലാഭം കെഎസ്ആർടിസിക്കാണ് വന്നു ചേരുന്നതെന്നും മന്ത്രി പറഞ്ഞു.

ഓഫീസ് സംബന്ധമായ മുന്നേറ്റം നടക്കുന്ന ഒരു പ്രസ്ഥാനമായി കെഎസ്ആർടിസി മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സിഎംഡി ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു. കെഎസ്ആർടിസിയിൽ പ്രൊഡക്ടിവിക്ടി കൂടുതൽ മെച്ചപ്പെട്ടതായി ഇപ്പോൾ കാണാൻ കഴിയുന്നത്. ജീവനക്കാരാണ് കോർപ്പറേഷന്റെ ശക്തി. കെഎസ്ആർടിസിയെ നന്നാക്കാണമെന്ന ലക്ഷ്യമാണ് സർക്കാരിനും മുഖ്യമന്ത്രിക്കും, ഗതഗത മന്ത്രിക്ക് ഉള്ളതെന്നും സിഎംഡി പറഞ്ഞു.