- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാഷ്ട്രീയ ഗോദയിലേക്കില്ല; രാജ്യസഭാംഗത്വം ലഭിച്ചാല്‍ സ്വീകരിക്കും: ഐ.എം. വിജയന്‍

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ഐ.എം. വിജയന്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും എന്നാല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ രാജ്യസഭാംഗത്വം നല്‍കിയാല്‍ അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പാര്‍ട്ടിയുടെയും ഭാഗമായി നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും എല്ലാവരുടെയും സ്‌നേഹം ഒരുപോലെ ലഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിജയന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നതായി താരം വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദൂതന്‍ നേരിട്ടെത്തി തന്നെ കണ്ടിരുന്നു. ഇതിന് പുറമെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ബി.ജെ.പി.ക്ക് പുറമെ കോണ്‍ഗ്രസും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും ഐ.എം. വിജയന്‍ തൃശൂരില്‍ പറഞ്ഞു.
ദേശീയ താരമെന്ന നിലയില്‍ കായികപ്രേമികളും അല്ലാത്തവരും തനിക്ക് നല്‍കുന്ന സ്‌നേഹം വിലമതിക്കാനാവാത്തതാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായാല്‍ ഈ സ്‌നേഹത്തില്‍ കുറവുണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഒരിക്കല്‍ പോലും തന്നെ വിളിക്കാത്തവര്‍ പോലും തിരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍ നിലവില്‍ ലഭിക്കുന്ന സ്വീകാര്യതയും സ്‌നേഹവും ഇനിയും തുടര്‍ന്നു കിട്ടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കായികരംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് രാജ്യസഭാംഗത്വം ലഭിക്കുകയാണെങ്കില്‍ അത് രാജ്യത്തിനുള്ള സേവനമായിക്കണ്ട് സ്വീകരിക്കാന്‍ തയ്യാറാണെന്നും ഐ.എം. വിജയന്‍ വ്യക്തമാക്കി.


