തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സംസ്ഥാന ശാഖയുടെ അറുപത്തിയാറാമത് സംസ്ഥാന സമ്മേളനം 2023 നവംബർ 11, 12 തീയതികളിൽ തിരുവല്ല വിജയാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചു നടന്നു. ഡോ. സുൾഫി നൂഹു അധ്യക്ഷനായ സമ്മേളനത്തിൽ തളിപ്പറമ്പയിൽ നിന്നുള്ള ഡോ. ജോസഫ് ബെനവൻ പുതിയ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു.

ഐ.എം.എ.യുടെ മുൻ ദേശീയ അധ്യക്ഷൻ ഡോ.എ. മാർത്താണ്ഡപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മന്ത്രി വീണ ജോർജ്ജ്, കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കൂടാതെ സഹോദര സംഘടനകളുടെ ഭാരവാഹികളായ ഡോ. നിർമ്മൽ ഭാസ്‌കർ (കെ.ജി.എം.സി.ടി.എ.), ഡോ. ഷിബി (കെ.ജി.ഐ.എം.ഒ.എ.), ഡോ. വഹാബ് (ക്യൂ.പി.എംപി.എ.), ഡോ. കിരൺ (കെ.പി.എം.സി.ടി.എ.), ഡോ. സുനിൽ പി.കെ. (കെ.ജി.എം.ഒ.എ.) എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ചടങ്ങിൽ ഐ.എം.എ. മാധ്യമ അവാർഡുകൾ (സോഷ്യൽ മിഡിയ, വിഷ്വൽ-പ്രിന്റ് മീഡിയ) മന്ത്രി വീണ ജോർജ്ജ് ജേതാക്കൾക്ക് സമ്മാനിച്ചു.

ചടങ്ങിൽ തലശ്ശേരിയിൽ നിന്നുള്ള ഡോ. ശശിധരൻ കെ. സംസ്ഥാന സെക്രട്ടറിയായും, ഡോ. റോയ് ആർ. ചന്ദ്രൻ (കോഴിക്കോട്) സംസ്ഥാന ട്രഷററായും, ഡോ. ഷാജി സി.കെ. (മുക്കം) നോർത്ത് സോൺ വൈസ് പ്രസിഡന്റായും, ഡോ. ജെയിൻ വി. ചിമ്മൻ (തൃശ്ശൂർ) മിഡ് സോൺ വൈസ് പ്രസിഡന്റായും, ഡോ. സി.ആർ. രാധാകൃഷ്ണൻ (തിരുവല്ല) സൗത്ത് സോൺ വൈസ് പ്രസിഡന്റായും, ഡോ. രാജു കെ.വി. (കോഴിക്കോട്) നോർത്ത് സോൺ ജോയിന്റ് സെക്രട്ടറിയായും, ഡോ. ജോസ് കുരുവിള കൊക്കാട് (പാല) മിഡ് സോൺ ജോയിന്റ് സെക്രട്ടറിയായും, ഡോ. ബിജു ബി. നെൽസൺ (കൊല്ലം) സൗത്ത് സോൺ ജോയിന്റ് സെക്രട്ടറിയായും, ഡോ. ഉമ്മൻ വർഗീസ് (ചെങ്ങൂർ) ഹെഡ്ക്വാർട്ടേഴ്സ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.