തിരുവനന്തപുരം: കുളത്തൂരിൽ യുവതിയെ അപ്പാർട്മെന്റിൽ കയറി മദ്യം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയായ കൂപ്പർ ദീപുവിനുവേണ്ടി പോലീസ് അന്വേഷണം വ്യാപകമാക്കി. പ്രതി ഇപ്പോൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. നേരത്തെ, സംസ്ഥാനം വിട്ട ഇയാൾ നേരേ തമിഴ്‌നാട്ടിലേക്കാണ് കടന്നത്. ശേഷം ബംഗളൂരുവിലേക്ക് കടക്കുകയായിരിക്കുന്നു.

എന്നാൽ പ്രതിയെ എത്രയും പെട്ടെന്നുതന്നെ പിടികൂടാനാവുമെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പീഡനത്തിരയായത്.

കുറവൻകോണം സ്വദേശിയായ പ്രതിയുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളുടെ മറ്റുബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെയാകാം ഇയാൾ ഒളിവിൽ കഴിയുന്നതെന്ന സംശയവും പോലീസിനുണ്ട്.

പീഡനത്തിനിരയായ യുവതിയുടെ ആൺ സുഹൃത്തിന്റെ സുഹൃത്താണ് ദീപു. മിനി കൂപ്പർ ഉൾപ്പെടെയുള്ള പ്രിമിയം യൂസ്ഡ് കാറുകൾ വിൽക്കുന്നതാണ് ദീപുവിന്റെ പ്രധാന ജോലി. അങ്ങനെയാണ് കൂപ്പർ ദീപുവെന്ന പേരുലഭിച്ചത്. ഇതിനുമുമ്പ് ഇയാൾ ഒരുകേസിലും ഉൾപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ഒക്ടോബർ എട്ടിന് രാത്രി 11മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറു മാസമായി പ്രതിയും പരാതിക്കാരിയും പരിചയക്കാരാണ്. വിദ്യാർത്ഥിനി താമസിക്കുന്ന മുറിയിൽ വച്ചാണ്‌ പീഡനം നടന്നത്. സംസാരിക്കുവാനായി കാണണമെന്ന് പ്രതിയുടെ ആവശ്യപ്രകാരം യുവതി ഇയാളെ മുറിയിലേക്കു വരാൻ പറഞ്ഞിരുന്നു.

അപ്പാർട്ട്മെന്റിലെത്തിയ പ്രതി നിർബന്ധിച്ച് മദ്യം നൽകിയശേഷം പരാതിക്കാരിയെ മാനഭംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. കഴക്കൂട്ടം പോലീസിലാണ് പെൺകുട്ടി കേസ് നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ സഹതാമസക്കാരിയായ യുവതിസംഭവം നടക്കുമ്പോൾ അടുത്ത റൂമിലായിരുന്നുവെന്നാണ് പൊലീസിന് ലഭ്യമായ വിവരം.

യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം പ്രതിയുടെ കൈയ്യിൽ തന്നെ ഉണ്ടെന്നും പീഡനവിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കൂപ്പർ ദീപു പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി. പ്രതിയുടെ കൈയ്യിൽ തന്നെ ദൃശ്യങ്ങൾ ഉണ്ടെന്ന് യുവതി പോലീസിൽ മൊഴി നൽകിയിരുന്നു.