ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ നാലു പേര്‍ അറസ്റ്റില്‍. സിനിമയില്‍ ആര്‍ട് ജീവനക്കാരായ റെജില്‍, ജിഷ്ണു, ജയസേനന്‍, എന്നിവയെയാണ് പ്രതികൾ ആക്രമിച്ചത്. ഒന്നാംപ്രതിയും ഗുഡ്സ് ഡ്രൈവറുമായ അമല്‍ദേവുമായുണ്ടായ വാക്കുതർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. മൂന്നു പേരെ പോലീസ് പിടികൂടുകയും ഒരാൾ കീഴടങ്ങുകയുമായിരുന്നു.

കേസിലെ ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തില്‍ വിനു (43), പത്താം പ്രതി താഴ്ചയില്‍ സുധീഷ് (27), നാലാം പ്രതി മുതലക്കോടം ഈന്തുങ്കല്‍ വീട്ടില്‍ ജഗന്‍ (51) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പോലീസ് പിടികൂടുകയായിയിരുന്നു.

കഴിഞ്ഞ 13ന് രാത്രി കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി സെറ്റ് നിര്‍മാണത്തിന് തൊടുപുഴയിൽ എത്തിയതായിരുന്നു ഇവര്‍. ശേഷം തൊടുപുഴ ഗവ. ബോയ്‌സ് സ്‌കൂളിനടുത്ത് ലോഡ്ജിൽ മുറി എടുത്തിരുന്നു.

കേസിലെ ഒന്നാം പ്രതിയായ അമൽദേവും ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടർന്നാണ് പ്രതികൾ ഇവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കേസില്‍ 14 പ്രതികളുണ്ടെന്നും പോലീസ് പറഞ്ഞു.