തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ് .

24 മണിക്കൂറിന് മുൻപ് വേണം ചിത്രങ്ങൾ ബുക്ക് ചെയ്യേണ്ടത്. രാവിലെ 8 മുതൽ സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. രജിസ്‌ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങൾ വരെ ബുക്ക് ചെയ്യാവുന്നതാണ്.

ടാഗോർ, കൈരളി, ഏരീസ് പ്ലക്‌സ് എന്നീ തിയേറ്ററുകളിൽ റിസർവേഷൻ ഹെല്പ് ഡെസ്‌കുകൾ ഉണ്ടാകും. ഓൺലൈനായി റിസർവ് ചെയ്യാൻ കഴിയാത്തവർക്ക് ഹെല്പ് ഡെസ്‌കുകളുടെ സഹായത്തോടെ സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സി അജോയ് അറിയിച്ചു.