- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ്: സീനിയർ മനേജർ ഷാജി തോമസടക്കം 15 പ്രതികൾ; പ്രതിയുടെ പാസ്‌പോർട്ട് 3 വർഷത്തേക്ക് പുതുക്കി തിരികെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്
തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ സീനിയർ മനേജർ ഷാജി തോമസടക്കം15 പ്രതികൾ വിചാരണ നേരിടുന്ന സി ബി ഐ കേസിൽ പതിനാലാം പ്രതിയുടെ പാസ്‌പോർട്ട് മൂന്നു വർഷത്തേക്ക് പുതുക്കി തിര്യെ കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുര സി ബി ഐ കോടതി ഉത്തരവിട്ടു. പതിനാലാം പ്രതി മൈസൂർ കാനിങ് സൊല്യൂഷൻസ് സ്ഥാപന ഉടമയായ ബംഗ്‌ളരു രാജാജി നഗർ സ്വദേശി ശ്രീനാഥ . എസ് (57) സമർപ്പിച്ച ജാമ്യവ്യവസ്ഥ വിടർത്തി പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടിയുള്ള ഹർജിയിലാണ് കോടതി ഉത്തരവ്.
ജാമ്യം നൽകിയ വേളയിൽ ജാമ്യ വ്യവസ്ഥ പ്രകാരം പതിനാലാം പ്രതി കോടതിയിൽ കെട്ടിവച്ച പാസ്‌പോർട്ട് പാസ്‌പോർട്ട് ഓഫീസർ മൂന്നു വർഷത്തേക്ക് നിയമാനുസരണം പുതുക്കി നൽകണം. പ്രതി മൂന്നു ലക്ഷം രൂപയുടെ വ്യക്തിഗത സ്വന്ത ജാമ്യ ബോണ്ട് കോടതിയിൽ ഹാജരാക്കണം.പുതുക്കി കിട്ടിയ ഉടൻ പാസ്‌പോർട്ട് തിര്യെ കോടതിയിൽ ഹാജരാക്കണം. പാസ്‌പോർട്ട് പുതുക്കി കിട്ടിയ ഉടൻ കോടതിയിൽ കെട്ടി വക്കാമെന്ന് പ്രസ്താവിച്ചുള്ള സത്യവാങ്മൂലം കോടതി മുമ്പാകെ സമർപ്പിക്കണമെന്നുമുള്ള 5 ഉപാധികളോടെയാണ് പാസ്‌പോർട്ട് പുതുക്കാൻ ജഡ്ജി കെ.എസ്. രാജീവ് ഉത്തരവിട്ടത്. വിചാരണ തീയതി ഷെഡ്യൂൾ ചെയ്യാൻ എല്ലാ പ്രതികളും ഒക്ടോബർ 19 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു:
2011 ഓഗസ്റ്റ് 8 മുതൽ 2013 ഓഗസ്റ്റ് 17 വരെ കാലയളവിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പത്തനംതിട്ട പന്തളം ബ്രാഞ്ചിലാണ് ബിസിനസ് വായ്പാ തട്ടിപ്പ് നടന്നുനുവെന്നാണ് സിബിഐ കേസ്. പതിനാലാം പ്രതി മൈസൂർ ബിസിനസ് സ്ഥാപനമുടമ മറ്റു പ്രതികളായ ബാങ്കിലെ സീനിയർ ബാങ്ക് മാനേജർ ഷാജി തോമസ് , സ്ഥാവരജംഗമ സ്വത്തുക്കളുടെ മൂല്യ നിർണ്ണയം നടത്തിയ വാല്യുവറും ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളുമായ മരണപ്പെട്ട സാബുഖാൻ , അഞ്ചാം പ്രതി എസ്. നൗഷാദ്, ഏഴാം പ്രതി ലുബിയാന , രണ്ടാം പ്രതി ഷൈല സാബു ഖാൻ , അസി. മാനേജർമാരായ മോൺസൺ. കെ .മാത്യു , ജിസ് മോൾ ജോർജ് എന്നിവരുമായി ഗൂഢാലോചന നടത്തി പതിനാലാം പ്രതി കർട്ടൻ ആക്‌സസറീസ് , കോട്ടൺ മിക്‌സ് തുണിത്തരങ്ങൾ , നൂലുകൾ തുടങ്ങിയവയുടെ ഡീലർ ആണെന്ന് കാണിച്ച് നേരുകേടായും വഞ്ചനാപരമായും കളവായതും വ്യാജമായതുമായ ക്വട്ടേഷൻ , ഇൻവോയ്‌സ് എന്നിവ പതിനാലാം പ്രതിയുടെ മൈസൂർ കാനിങ് സൊല്യൂഷൻസിന്റ പേരിൽ തയ്യാറാക്കി ബാങ്കിൽ നിന്നും വിവിധ ലോണുകൾ എടുത്ത ശേഷം വായ്പ തുക ദുരുപയോഗം ചെയ്തുവെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ ഗൂഢാലോചന , പണാപഹരണം , വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ , ചതിക്കലിനായുള്ള വ്യാജരേഖ നിർമ്മാണം , വ്യാജ നിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിക്കൽ , മൂല്യമുള്ള ഈട് വ്യാജമായി നിർമ്മിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി കപടാനുകരണം നടത്തി മുദ്ര (സീൽ) നിർമ്മിക്കലും കൈവശം വക്കലും , കണക്കുകളുടെ വ്യാജീകരണം , അഴിമതി നിരോധന നിയമത്തിലെ അഴിമതി (പൊതുസേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിയായ സ്വകാര്യ വ്യക്തിയെ നിയമവിരുദ്ധമായി സഹായിച്ച് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സർക്കാരിന് അന്യായ നഷ്ടം വരുത്തൽ) എന്നീ കുറ്റങ്ങളാണ് വിചാരണക്കു മുന്നോടിയായി കോടതി പ്രതികൾക്ക് മേൽ ചുമത്തിയത്.
ലോൺ കുടിശ്ശിക വന്നപ്പോൾ നിയമ നടപടികളിലേക്ക് ബാങ്കിന്റെ മേലധികാരികൾ നീങ്ങിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് ബാങ്കിൽ നടന്ന വായ്‌പ്പാ തട്ടിപ്പുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുകയായിരുന്നു. ലോൺ രജിസ്റ്റർ, വാലുവേഷൻ രജിസ്റ്റർ, ലോൺ ഫയലുകൾ, ഫോട്ടോ രജിസ്റ്റർ , പ്രമാണ രേഖാ രജിസ്റ്റർ തുടങ്ങിയവയിൽ കൃത്രിമം നടത്തിയതായും സിബിഐ കണ്ടെത്തി. 2018 ഡിസംബർ 13നാണ് സി ബി ഐ ആന്റി കറപ്ഷൻ ബ്യൂറോ കൊച്ചിൻ ബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.



