കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ചതിനെ തുടർന്ന് കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യവകുപ്പ് വിതരണം ചെയ്ത ഗുളികകൾ കൂട്ടത്തോടെ കഴിച്ചതാണ് അസ്വസ്ഥതകൾക്ക് കാരണം.

സംഭവത്തിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികളായ ആറുപേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേർ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് കുട്ടികളിൽ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കാനുള്ള ഗുളികകൾ വിതരണം ചെയ്തിരുന്നു. എന്നാൽ, ഈ ഗുളികകൾ കൂട്ടത്തോടെ കഴിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.