തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവിന്റെ ജന്മദിനാഘോഷം പാർട്ടിക്ക് പിടിച്ചില്ല. സിപിഐ മുൻ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിലിനാണ് ജന്മദിനാഘോഷത്തിന്റെ പേരിൽ വിമർശനം ഏൽക്കേണ്ടി വന്നത്. ജന്മദിനാഘോഷം നടത്തുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാന നിർവാഹക സമിതി ഇസ്മായിലിന്റെ നടപടി തെറ്റാണെന്ന് വിലയിരുത്തി. ഓഗസ്റ്റ് 10നാണ് വടക്കഞ്ചേരിയിൽ ഇസ്മായിൽ 84ാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ളവർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

പാലക്കാട് ജില്ലയിലെ സിപിഐയിലെ വിഭാഗീയതയാണ് വിമർശനത്തിന് പിന്നിൽ. ഇസ്മായിലിന്റെ സ്വന്തം ജില്ലയായ പാലക്കാട്ട് നിന്നുള്ള വി. ചാമുണ്ണിയാണ് വിഷയം എക്‌സിക്യൂട്ടിവിൽ ഉന്നയിച്ചത്. സി. അച്യുതമേനോന്റെയും പി.കെ.വിയുടെയും വെളിയം ഭാർഗവന്റെയും പാർട്ടിയാണിത്.

അവരാരും ഇങ്ങനെ ജന്മദിനാഘോഷം സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് മറ്റുള്ളവരും യോജിച്ചു. പ്രായപരിധി മാനദണ്ഡത്തിൽ നേതൃസമിതികളിൽനിന്ന് ഒഴിവായ ഇസ്മായിൽ ഇപ്പോൾ സാധാരണ പാർട്ടി അംഗം മാത്രമാണ്.