മലപ്പുറം: കോട്ടക്കൽ നഗരസഭാ ഭരണം തിരിച്ചുപിടിച്ച് മുസലീം ലീഗ് . ഇടതുപക്ഷ പിന്തുണയിൽ തിരഞ്ഞെടുക്കപ്പെട്ട ലീഗ് വിമത സ്ഥാനാർത്ഥികൾ ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.ഏഴിനെതിരെ ഇരുപത് വേട്ടുകൾക്ക് മുസ്ലിം ലീഗിലെ ഡോ. ഹനീഷ നഗരസഭ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.

ഒരു ഇടതുപക്ഷ സ്വതന്ത്രന്റെ പിന്തുണയും ഹഷീനയ്ക്ക് ലഭിച്ചു. ഒൻപതാം വാർഡ് അംഗം ഫഹദ് നരിമടയ്ക്കലാണ് മുസ്ലിം ലീഗിന് വോട്ട് ചെയ്തത്. എൽഡിഎഫ് കൗൺസിലർ അടാട്ടിൽ റഷീദ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. മുസ്ലിം ലീഗിലെ വിമത നീക്കങ്ങൾക്ക് പരിഹാരമായതോടെ ഇടതുപിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൻ മുഹ്സിന പൂവന്മഠത്തിലും വൈസ് ചെയർമാൻ പി പി ഉമ്മറും രാജിവെച്ചിരുന്നു.

നേരത്തെ മുസ്ലിം ലീഗ് വിമതർ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഇവിടെ നഗരസഭാ ഭരണം പിടിച്ചിരുന്നു. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടർന്ന് കോട്ടക്കൽ നഗരസഭ ചെയർപേഴ്‌സണായിരുന്ന ബുഷ്‌റ ഷബീർ രാജിവെച്ചതിനെ തുടർന്നാണ് മുസ്ലിം ലീഗ് വിമതർ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് ഭരണം പിടിച്ചത്. ചെയർപേഴ്‌സണും, വൈസ് ചെയർമാനും ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം ലീഗ് കൗൺസിലർമാരുടെ വിമർശനം. ഇതേ തുടർന്നായിരുന്നു ബുഷ്‌റയുടെ രാജി. പിന്നീട് നടന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണച്ച ലീഗ് കൗൺസിലർ മുഹ്‌സിന പൂവന്മഠത്തിൽ പുതിയ ചെയർപേഴ്‌സണായിതിരഞ്ഞെടുക്കപ്പെടുകയായിരുന്നു .

13 നെതിരെ 15 വോട്ടുകൾക്കായിരുന്നു അന്ന് മുഹ്‌സിന പൂവന്മഠത്തിലിന്റെ വിജയം. ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ഡോ ഹനീഷയെ പരാജയപ്പെടുത്തിയായിരുന്നു മുഹ്‌സിനയുടെ വിജയം.