കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് മൊബൈല്‍ ഫോണുകളെത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജയില്‍ അന്വേഷണ സംഘത്തിലെ അംഗമായ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. 2 ദിവസമായി നടത്തിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിശോധന പൂര്‍ത്തിയാക്കിയതിനു ശേഷം കണ്ണൂര്‍ പയ്യാമ്പലംഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയിലില്‍ ആധുനിക പരിശോധനാ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ച്ച മാത്രമല്ല സിസ്റ്റത്തിന്റെ വീഴ്ച്ച കൂടിയാണ്. ജയിലിന് അകത്തും പുറത്തുമുണ്ടാകുന്ന സുരക്ഷാ വീഴ്ചകള്‍ തങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു അംഗമായ ജസ്റ്റിസ് സി. എന്‍ രാമചന്ദ്രന്‍ നായരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജയില്‍ സുരക്ഷാ അവലോകന യോഗം വിളിച്ചു ചേര്‍ത്തത്.

ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ജയില്‍ സുരക്ഷയെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രണ്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവര്‍ സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുക.