- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറും ടീച്ചറല്ല ടീച്ചറമ്മ; ഉപരാഷ്ട്രപതിയായ ശിഷ്യൻ കാണാനെത്തുന്നു; ആഹ്ളാദം അടക്കിവയ്ക്കാനാവാതെ പാനൂർ സ്വദേശിനി രത്ന നായർ; ജഗ്ദീപ് ധൻകറെ ടീച്ചർ പഠിപ്പിച്ചത് രാജസ്ഥാനിലെ സൈനിക സ്‌കൂളിൽ വച്ച്
കണ്ണൂർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഒരു ദിവസത്തെ സന്ദർശനത്തിനായി മെയ് 22ന് കണ്ണൂരിലെത്തുമ്പോൾ ഒരു കൗതുകം കൂടി ഒളിച്ചിരിപ്പുണ്ട്. ഏറെക്കാലത്തിന് ശേഷം താൻ അമ്മയെപ്പോലെ കരുതുന്ന പ്രിയപ്പെട്ട ടീച്ചറമ്മയുമായുള്ള സമാഗമമാണ് അതിലൊന്ന്. പകൽ 1.05ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി 1.17ന് റോഡ്മാർഗം പാനൂർ ചമ്പാടേക്ക് തിരിക്കും.
തന്റെ അദ്ധ്യാപിക ആയിരുന്ന രത്‌ന നായരെ സന്ദർശിക്കാനാണ് ഉപരാഷ്ട്രപതി ചമ്പാട് ആനന്ദവീട്ടിൽ എത്തുന്നത്. സന്ദർശന ശേഷം ഉച്ചക്ക് 2.25ന് മട്ടന്നൂരിലേക്ക് മടങ്ങും. തുടർന്ന് ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകും. നാവിക അക്കാദമി സന്ദർശനത്തിന് ശേഷം വൈകിട്ട് 6.20ന് അദ്ദേഹം കണ്ണൂർ വിമാനത്താവളം വഴി ന്യൂഡൽഹിയിലേക്ക് മടങ്ങിപ്പോകും.
രാജസ്ഥാനിലെ സൈനിക് സ്‌കൂളിൽ നിന്നും തന്നെ പഠിപ്പിച്ച പ്രിയപ്പെട്ട അദ്ധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മെയ്് 22ന് പാനൂരിലെ താഴെചമ്പാട്ടെത്തുന്നത് നാട്ടുകാരിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്. കാർഗിൽ ബസ്സ്‌റ്റോപ്പിന് സമീപം ആനന്ദത്തിൽ രത്‌ന നായർ എന്ന തന്റെ മുൻ അദ്ധ്യാപികയെ കാണാനാണ് ജഗദീപ് ധൻകർ എത്തുന്നത്.
1968 ൽ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്‌കൂളിൽ വച്ചാണ് ജഗദീപ് ധൻകറെ രത്‌ന നായർ പഠിപ്പിച്ചത്. അന്നു മുതൽ ഊഷ്മളമായ മാതൃ, പുത്ര ബന്ധമാണ് ഇരുവരും തമ്മിലണ്ടായിരുന്നത്. നേരത്തെ ബംഗാൾ ഗവർണറായി ചുമതലയേറ്റപ്പോൾ തന്റെ അമ്മയുടെ സ്ഥാനത്തു കാണുന്ന രത്‌നനായരുടെ ആശീർവാദം പ്രിയ ശിഷ്യൻ തേടിയിരുന്നു.
പിന്നീട് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിച്ചിരുന്നെങ്കിലും പങ്കെടുക്കാനായിരുന്നില്ലെന്നും രത്‌നാനായർ പറഞ്ഞു. രാജസ്ഥാനിലെ സൈനിക് സ്‌കൂളിൽ ജഗ്ദീപിനെ പഠിപ്പിച്ച രണ്ടു ഗുരുക്കന്മാർ മാത്രമേ ഇപ്പോൾ ജീവനോടെയുള്ളൂ. അതിലൊരാളാണ് രത്ന നായർ.
ചെണ്ടയാട് നവോദയ വിദ്യാലയത്തിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച രത്നനായർ ഏറെക്കാലമായി താഴെ ചമ്പാട്ടെ ആനന്ദമെന്ന തന്റെ വീട്ടിൽ വിശ്രമജീവിതത്തിലാണ്. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. പൊലീസ് കമ്മീഷണർ (സിറ്റി) അജിത് കുമാർ, പൊലീസ് കമ്മീഷണർ (റൂറൽ) എം ഹേമലത, നാവിക അക്കാദമി ഡെപ്യൂട്ടി പ്രൊവോസ്റ്റ് മാർഷൽ കേശവ് റെഡ്ഡി, സബ് കലക്ടർ സന്ദീപ്കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭഗത്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




