- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ മൊബൈൽ ഫോൺ വിളി: ശിക്ഷാ തടവുകാരുടെ റിമാന്റ് നവംബർ 22 വരെ നീട്ടി തിരിച്ചയച്ചു; കാൾ ഡീറ്റയിൽസ് റെക്കോർഡ് പ്രകാരം പ്രതിപ്പട്ടിക വിപുലീകരിച്ചു; പ്രിസൺ ഓഫീസർ സന്തോഷ് കുമാർ അടക്കം 12 പ്രതികൾ
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ നിന്നും ഫോൺ വിളിക്കാൻ പ്രിസൺ ഓഫീസർ തടവുകാരെ സഹായിച്ച കേസിൽ 3 ശിക്ഷാ തടവുകാരുടെ റിമാന്റ് നവംബർ 22 വരെ നീട്ടി സെൻട്രൽ ജയിലിലേക്ക് തിരിച്ചയച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ശിക്ഷാ തടവുകാരും ഫോൺ വിളിക്കേസിൽ ഏഴും ഒമ്പതും പത്തും പ്രതികളുമായ കൺവിക്റ്റ് (സി) ( ശിക്ഷാ പ്രതി) നമ്പർ 2930 വള്ളക്കടവ് സ്വദേശി അബ്ബാസ് എന്ന ഹുസൈൻ അബ്ബാസ് , സി നമ്പർ 4033 ആലപ്പുഴ കരുവാറ്റ സ്വദേശി പ്രദീപ് (32) , സി നമ്പർ 4034 കരുവാറ്റ സ്വദേശി രാഹുൽ (32) എന്നിവരുടെ റിമാന്റ് ആണ് ദീർഘിപ്പിച്ചത്. അതേ സമയം കാൾ ഡീറ്റയിൽസ് റെക്കോർഡ് ( സി ഡി ആർ ) പ്രകാരം പൂജപ്പുര പൊലീസ് പ്രതിപ്പട്ടിക വിപുലീകരിച്ചു.
പ്രിസൺ ഓഫീസറും ശിക്ഷാ പ്രതികളുമടക്കം 12 പ്രതികൾ മൊബൈൽ ഫോൺ വിളി കൃത്യത്തിൽ ഉൾപ്പെട്ടതിനാൽ ഇവരെ കൂടി പ്രതിസ്ഥാനത്ത് ചേർത്ത് അന്വേഷണം തുടരുന്ന വിവരത്തിന് പൂജപ്പുര പൊലീസ് കൂടുതൽ പ്രതികളെ ചേർത്തുള്ള അഡീഷണൽ റിപ്പോർട്ട് എ സി ജെ എം എൽസാ കാതറിൻ ജോർജ് മുമ്പാകെ സമർപ്പിച്ചു.
ഒന്നാം പ്രതി കൊലക്കേസ് പ്രതി റിയാസ് , രണ്ടാം പ്രതിയായ പ്രിസൺ ഓഫീസർ സന്തോഷ് കുമാർ , ആറാം പ്രതി സത്താർ , ഏഴാം പ്രതി ഹുസൈൻ അബ്ബാസ് , ഒമ്പതാം പ്രതി പ്രദീപ് , പത്താം പ്രതി രാഹുൽ എന്നിവരടക്കം 12 പ്രതികളാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന തടവു പുള്ളികളെ പ്രൊഡക്ഷൻ വാറണ്ടിൽ കോടതിയിൽ വിളിച്ചു വരുത്തിയാണ് കോടതി പൂജപ്പുര പൊലീസിന് ഫോർമൽ (ഔദ്യോഗിക ) അറസ്റ്റിന് അനുമതി നൽകിയത്. 2023 ഓഗസ്റ്റ് 27 ന് ഉച്ചക്ക് 12.45 നാണ് സംഭവം കണ്ടെത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ ഒന്നാം ബ്ലോക്ക് കെട്ടിടത്തിൽ ആറാം സെല്ലിലെ ഇടനാഴിയിലെ മേൽക്കൂരയിൽ ഒന്നാം പ്രതി കൊലക്കേസിൽ ജീവപര്യന്തം ശിക്ഷാ തടവുകാരനായ റിയാസിന്റെ കൈവശം ഉണ്ടായിരുന്ന ഒരു സാംസംഗ് ഇനത്തിൽ പെട്ട മൊബൈൽ ഫോണും സിം കാർഡും ഒളിപ്പിക്കുന്നത് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി റിയാസിനെ പിടികൂടുകയായിരുന്നു. ജയിലിനുള്ളിൽ ഇലക്ട്രോണിക് കമ്യൂണിക്കേഷനോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ലായെന്ന നിയമം ലംഘിച്ചു. മൊബൈൽ ഫോണിലെ സിം കാർഡ് കാൾ ഡീറ്റെയ്ൽസ് റിപ്പോർട്ട് പ്രകാരം മറ്റു പ്രതികളും ഫോൺ ഉപയോഗിച്ചുവെന്നാണ് കേസ്.
രണ്ടാം പ്രതിയായ പ്രിസൺ ഓഫീസറെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി റിയാസിനെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടിക്കൊണ്ട് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ കോടതി പ്രതികളെ ചോദ്യം ചെയ്യാൻ ഉത്തരവിട്ടിരുന്നു. പ്രിസൺ ഓഫീസറെ ഒന്നര ദിവസം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഒന്നാം പ്രതി കൊലക്കേസ് പ്രതി റിയാസിനെ സെപ്റ്റംബർ 25 ന് 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കൾ 69000 രൂപ നിക്ഷേപിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
43 കോളുകൾ ഈ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് പൂജപ്പുര പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ മൂന്നു കോളുകൾ ജയിൽ ഉദ്യോഗസ്ഥൻ സന്തോഷിന്റെതാണ്. ജയിലിൽ ഫോൺ കൈവശം വച്ച റിയാസിനെ കസ്റ്റഡിയിൽ വാങ്ങി പൂജപ്പുര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ചതായി ജയിൽ ഉദ്യോഗസ്ഥൻ സമ്മതിച്ചിരുന്നു. തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ പ്രിസൺ ഓഫീസർ മൊഴി നൽകിയിട്ടുണ്ട്. ഫോൺ വിളിക്ക് സഹായിച്ചതിന്റെ പേരിൽ ഇയാൾ തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായും മൊഴിയിലുണ്ട്. തുടർന്നാണ് ജയിൽ ഉദ്യോഗസ്ഥനെ കേസിൽ രണ്ടാം പ്രതി സ്ഥാനത്ത് ചേർത്തത്. പൊലീസ് റിപ്പോർട്ടിൽ സന്തോഷിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്