മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ക്ക് വ്യായാമം ചെയ്യാന്‍ കളിസ്ഥലമില്ലെന്നും തടവുകാര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമീഷന്‍ തള്ളി. മഞ്ചേരി എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശി സമര്‍പ്പിച്ച പരാതിയാണ് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് തള്ളിയത്.

എല്ലാ ദിവസവും ഉച്ചയ്ക്കുശേഷവും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും ടിവി കാണാന്‍ സൗകര്യമുണ്ടെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കമീഷനെ അറിയിച്ചു. ഫുട്‌ബോളും വോളിബോളും കാരംസും ചെസും സെല്ലുകളില്‍ ലഭ്യമാണ്. നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ട്. പരാതിക്കാരന്‍ ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താറില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.