തിരുവനന്തപുരം : വലിയതുറ വധശ്രമക്കേസിലെ പ്രധാന പ്രതി ജാങ്കോ കുമാറിന്റെ ഒളിയിടം വളഞ്ഞ എസ്‌ഐമാരെ കുത്തി വീഴ്‌ത്തി പൊലീസ് ജീപ്പിന് ബോംബെറിഞ്ഞ സംഭവത്തിൽ ഗുണ്ട ജാങ്കോ കുമാർ അടക്കം 4 പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

അനവധി കേസ് പ്രതി കൊച്ചുവേളി വിനായക നഗർ പുതുവൽപുത്തൻ വീട്ടിൽ വിക്രമൻ മകൻ ജാങ്കോ കുമാർ എന്ന അനിൽകുമാർ (38) , കൂട്ടാളികളും സിറ്റിയുടെ പ്രാന്ത പ്രദേശ വാസികളുമായ ജോൺസൺ ഗോമസ് മകൻ ജോൺ ബാപ്റ്റിസ്റ്റ് , മധു മകൻ ആശിഖ് ലാൽ എന്ന ജിക്കു , സോളമൻ മകൻ ഷാനു സോളമൻ എന്നിവരാണ് പൊലീസ് കുറ്റപത്രത്തിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ. എതിരാളികളെ വകവരുത്താൻ സ്ഥിരമായി ബോംബ് കൈവശം കൊണ്ടു നടക്കുന്നയാളാണ് മുഖ്യ പ്രതി ജാങ്കോ കുമാർ.

പേട്ട പൊലീസ് സ്റ്റേഷനിലടക്കം ബോംബെറിഞ്ഞ് ഒരു പൊലീസുദ്യോഗസ്ഥന്റെ കേൾവി ശക്തി നഷ്ടപ്പെടുത്തിയ സ്ഥിരം കുറ്റവാളിയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം ക്രൈം കേസുകളിൽ പ്രതിയുമായ ജാങ്കോ കുമാർ എന്ന ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. വലിയതുറ സ്റ്റേഷൻ എസ് ഐമാരായ ഇൻസമാം, അജേഷ് എന്നിവരെയാണ് വലിയതുറയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ചത്. 2023 ജൂലൈ 24 രാത്രി എട്ടരയോടെയായിരുന്നു സംഭവം. വലിയതുറ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് അനിൽകുമാർ.

രാത്രി വലിയതുറ ബാലനഗർ പ്രദേശത്ത് ഇയാൾ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസിന് നേരെ ഇയാൾ ആദ്യം ബോംബെറിയുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ പൊലീസ് പിന്തുടർന്നു. ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ ഇയാൾ കത്തിവീശി വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് വലിയതുറ എസ് ഐമാരായ ഇൻസമാം, അജേഷ് എന്നിവരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഇൻസമാമിന്റെ നെഞ്ചിൽ കത്തി കൊണ്ട് വെട്ടുകയും അജേഷിന്റെ കൈയിൽ കുത്തുകയുമായിരുന്നു. ഇതിനിടെ മറ്റ് പൊലീസുകാർ ചേർന്ന് അനിൽകുമാറിനെ കീഴ്പ്പെടുത്തി.

നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. മുൻപ് പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘത്തിന് നേരെ ബോംബേറ് നടത്തിയതിനെ തുടർന്ന് ഒരു പൊലീസുകാരന്റെ കേൾവി നഷ്ടപ്പെട്ടിരുന്നു. 2020 ൽ വെള്ളനാട് ഉറിയാക്കോട് സ്വദേശിയെ റോഡിൽ വെട്ടുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഇയാളെ കാപ്പ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നേരത്തെ തന്നെ ശുപാർശ സമർപ്പിച്ചിരുന്നുവെന്ന് വലിയതുറ പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞു.