തിരുവനന്തപുരം: ഇന്ത്യ കാണാനെത്തി കർണാടകത്തിലെ ഗോകർണത്ത് നിന്ന് കാണാതായ ജാപ്പനീസ് സ്വദേശിനിയെ കേരള പൊലീസ് കണ്ടെത്തി. കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എസ്ഐ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ഇവരെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി ഗോകർണത്ത് നിന്നുള്ള പൊലീസ് ജാപ്പനീസ് സ്വദേശിനി എമി യമാസാക്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോവളത്ത് വന്നിരുന്നു. ഗോകർണം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ കാണാതായത്. കോവളത്തെ ഹോട്ടലിൽ ഇവരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക പൊലീസ് എത്തിയത്. അവർ പറഞ്ഞ ഹോട്ടലിൽ അന്വേഷിച്ചപ്പോൾ ഇവിടെ നിന്നും റും വെക്കേറ്റ് ചെയ്ത് പോയതായി മനസിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ നിസാമുദ്ദീൻ ഇവരെ സംബന്ധിച്ച വിവരങ്ങൾ കർണാടക പൊലീസിൽ നിന്ന് തന്റെ ഫോണിലേക്ക് വാങ്ങി. പൊലീസ് ഇൻസ്പെക്ടർ സജീവ് ചെറിയാന്റെ നിർദേശാനുസരണം നിസാമുദ്ദീൻ അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പട്രോളിങിന് പോയപ്പോൾ ഒരു ഇടവഴിയിൽ വച്ച് നിസാമുദ്ദീൻ എമി യമാസാക്കിയെ പോലെ ഒരാളെ കണ്ടു. ഫോട്ടോ എടുത്ത് വച്ച് നോക്കിയപ്പോൾ ഇത് ഗോകർണം പൊലീസ് അന്വേഷിച്ച് വന്നയാളാണെന്ന് മനസിലായി. തുടർന്ന് വനിതാ പൊലീസിനെ വിളിച്ചു വരുത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. തുടർന്ന് കർണാടക പൊലീസിനെ വിവരം അറിയിച്ചു. ഇവരെ തിരക്കിയെത്തിയ കർണാടക പൊലീസ് സംഘം ഇവിടെ തന്നെയുണ്ടായിരുന്നു. ഫോണിൽ വൈഫൈ ഉപയോഗിച്ചാണ് ഇവർ കാൾ വിളിച്ചിരുന്നത്. അതിൻ പ്രകാരം വൈഫൈ ലൊക്കേഷൻ അമ്പൂരിയിൽ കാണിച്ചതിനാൽ അവിടേക്ക് തിരക്കി പോവുകയായിരുന്നു കർണാടക പൊലീസ്.

എമിയെ കിട്ടിയ വിവരം അറിഞ്ഞ് അവർ തിരികെ കോവളം സ്റ്റേഷനിൽ വന്നു. എമിയുടെ ഭർത്താവിനെയും വിവരം അറിയിച്ചു. കേരളാ പൊലീസിന് നന്ദി പറഞ്ഞാണ് ഇവർ ഇവിടെ നിന്ന് പോയത്. കേരളാ പൊലീസ് കാണിച്ച ജാഗ്രതയെ കർണാടക പൊലീസും അഭിനന്ദിച്ചു.