തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി അത്യസാധാരണമാണെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ച് സംഘപരിവാർ തീരുമാനങ്ങൾ നടപ്പാക്കാൻ ഗവർണർ തന്റെ അധികാരത്തെ ദുർവിനിയോഗം നടത്തുകയാണെന്നും ആർ.എസ്.എസ് തലവനുമായി തൃശൂരിൽ നടത്തിയ കൂടിക്കാഴ്ചയുടെ തീരുമാനങ്ങളാണോ അദ്ദേഹം കേരളത്തിൽ നടപ്പാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.

സർവകലാശാലകളെ വരുതിയിലാക്കി രാജ്യത്തെ ആകെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും ചരിത്രത്തെ തിരുത്തിയെഴുതാനും സംഘപരിവാർ നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാണിത്. ഈ ഫാസിസ്റ്റ് സമീപനത്തെ ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കേണ്ടതുണ്ട്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ചാൻസിലറുടെ നടപടികൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തിനെതിരെ രംഗത്തിറങ്ങുമെന്നും ജയരാജൻ പറഞ്ഞു.

ചാൻസിലർ ഉന്നത വിദ്യാഭ്യാസമേഖലയെ ആകെ അലങ്കോലപ്പെടുത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യംവെച്ചുകൊണ്ടാണ് ചാൻസിലർ പ്രവർത്തിക്കുന്നത്. സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും കൊടികുത്തി വാഴുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരെ പുതിയ തലമുറയിൽ ശാസ്ത്രബോധം വളർത്തിയെടുക്കണം. എന്നാൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തിരുകിക്കയറ്റി ബിജെപിയും ആർഎസ്എസ്സും സംഘപരിവാരവും വിദ്യാർത്ഥികളെ വഴിതെറ്റിക്കുകയാണ്. ശാസ്ത്രബോധത്തിൽ നിന്ന് അവരെ മാറ്റി വിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും നയിച്ച് അവരുടെ ബുദ്ധിവികാസത്തെ മരവിപ്പിക്കുകയാണ്. ഇങ്ങനെ പ്രവർത്തിക്കുന്ന സംഘപരിവാർ, എല്ലാവർക്കും വിദ്യാഭ്യാസം നൽകി ശാസ്ത്രചിന്ത വളർത്തി തലമുറയെ ചിന്താശേഷിയുള്ളവരാക്കി അഭിവൃദ്ധിയിലേക്ക് നയിക്കുന്ന കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണ്. അതിന് ചാൻസലറും കൂട്ടു നിൽക്കുന്നു.

ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളെയാണ് ഇന്നലെ ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചത്. ആ ഐഎസ്ആർഒയുടെ ചെയർമാൻ കേരളീയനാണ്. ഇതൊക്കെയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സവിശേഷതകൾ. അങ്ങിനെയുള്ള ഈ കാലഘട്ടത്തിൽ എന്തിനാണ് ഈ വിദ്യാഭ്യാസ മേഖലയെ അലങ്കോലപ്പെടുത്തി അശാന്തിയുടെ കാലമായി മാറ്റുന്നത്. അശാസ്ത്രീയമായ പ്രവർത്തനത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ മേന്മയേയും ഗുണനിലവാരത്തേയും ഇല്ലാതാക്കി വരുംതലമുറയെ വഴിതെറ്റിക്കാനുള്ള ബുദ്ധിയാണ് ഇതിന് പിന്നിൽ പ്രകടമായി കാണുന്നത്. ഏതെങ്കിലും ഒരു പാർട്ടിയുടേയോ മുന്നണിയുടെയോ പ്രശ്നമായിട്ട് മാത്രമല്ല, കേരള സമൂഹത്തിന്റെ ആകെ പ്രശ്നമായിട്ടാണ് ഇതിനെ കാണേണ്ടത്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ചാൻസിലറുടെ ഈ നടപടികൾ കേരളത്തിന്റെ ഭാവിയെ തകർക്കും.

രാജ്യത്തെ ആകെ ഹിന്ദുത്വവൽകരിക്കുക എന്ന ലക്ഷ്യം നടപ്പാക്കാൻ വിദ്യാഭ്യാസ രംഗത്തെ തകർക്കുക എന്ന നയമാണ് സംഘപരിവാർ സ്വീകരിക്കുന്നത്. അതിന് വേണ്ടി നിലമൊരുക്കിക്കൊടുക്കുകയാണ് ചാൻസിലർ. ഭരണഘടനാ പദവിയെ ദുരുപയോഗം ചെയ്ത് ആർഎസ്എസ്സിന്റെ ചട്ടുകമായി മാറുകയാണ് ചാൻസിലർ. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ചാൻസിലറുടെ ഇപ്പോഴത്തെ കേട്ടുകേൾവിപോലുമില്ലാത്ത ഈ നടപടിക്കെതിരെ രംഗത്തുവരേണ്ടതുണ്ടെന്നും ഭരണഘടനാ മൂല്യങ്ങളെ തകർത്തെറിഞ്ഞുകൊണ്ടുള്ള ജനാധിപത്യ ധ്വംസനത്തിരെ പൊതുസമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.