നെടുങ്കണ്ടം: ടാറിങ്ങ് പണിക്കായി എത്തിയതുമുതലുള്ള ആഗ്രഹമായിരുന്നു അതിഥിതൊഴിലാളിയായ സ്റ്റീഫന് ജീപ്പ് ഓടിക്കുക എന്നത്.വന്ന നാൾ മുതലേ കണ്ണാകട്ടെ ടാറിങ്ങിന് ഉപയോഗിക്കുന്ന ജീപ്പിലും.ഒടുവിൽ ഉടമയില്ലാത്ത തക്കം നോക്കി ആഗ്രഹമങ്ങ് സാധിച്ചു.അറിയാത്ത പണിക്ക് പോയി സ്റ്റീഫൻ ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് എത്തിയതാകട്ടെ കല്ലാർ പുഴയിലേക്കും.രണ്ടാൾ താഴ്‌ച്ചയിലേക്ക് ജീപ്പ് പതിച്ചുണ്ടായ അപകടത്തിൽ നിന്നും അതിഥിത്തൊഴിലാളി അദ്ഭുതകരമായാണ്‌രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ കല്ലാർ ബഥനിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.ഒഡിഷ സ്വദേശി സ്റ്റീഫനാണ് ജീപ്പ് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കല്ലാർ പുഴയിലേക്ക് മറിഞ്ഞത്.രണ്ടാൾ താഴ്ചയുള്ള ഭാഗത്ത് ജീപ്പ് പൂർണമായി മുങ്ങിത്താഴ്ന്നു.മുങ്ങിയ ജീപ്പിൽ നിന്നു പുറത്തിറങ്ങി നീന്തിയാണ് സ്റ്റീഫൻ രക്ഷപ്പെട്ടത്.പ്രദേശത്തെ റോഡിന്റെ ടാറിങ് ജോലികൾക്കായാണ് സ്റ്റീഫൻ എത്തിയത്.റോഡ് കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ടാർ കൊണ്ടുപോകുന്ന ജീപ്പാണ് സ്റ്റീഫന്റെ ഡ്രൈവിങ്ങ് ആഗ്രഹത്തെ തുടർന്ന് അപകടത്തിൽപ്പെട്ടത്.

മഴ മൂലം ഇന്നലെ ജോലി ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചു.സമീപത്തെ മുറിയിൽ താമസിക്കുന്ന ജീപ്പ് ഡ്രൈവറെ താക്കോൽ ഏൽപിക്കാനായി സ്റ്റീഫനു നൽകി.എന്നാൽ ടാർ ജീപ്പ് ഓടിക്കണമെന്ന ആഗ്രഹം കാരണം,കല്ലാർ - താന്നിമൂട് റോഡിലൂടെ ജീപ്പുമായി സ്റ്റീഫൻ മുന്നോട്ടു പോയി.ഒരു കിലോമീറ്റർ കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങാനായി ജീപ്പ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെടുകയും ജീപ്പ് പുഴയിലേക്ക് മറിയുകയും ചെയ്തത്.

പുഴയിലേക്ക് മറിഞ്ഞതോടെ സ്റ്റീഫൻ തന്നെ വിവരങ്ങൾ തൊഴിൽ ഉടമയെ അറിയിക്കുകയായിരുന്നു.വെള്ളത്തിൽ മുങ്ങിപ്പോയ ജീപ്പ് മണ്ണുമാന്തി യന്ത്രം എത്തിച്ച് ടാറിങ് ജോലിക്കെത്തിയ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പുറത്ത് എത്തിച്ചത്.സ്റ്റീഫനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി.