കൊച്ചി: പതിനാറാമത് കേരള ജെം ആൻഡ് ജൂവലറി ഷോ (കെ.ജി.ജെ.എസ് -2023) ഡിസംബർ ഒന്നുമുതൽ മൂന്നുവരെ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. സ്വർണം, വജ്രം, പ്ലാറ്റിനം, വെള്ളി, അനുബന്ധ വസ്തുക്കൾ, നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും എന്നിവയുടെ പവിലിയനുകൾ ഉൾപ്പെടുന്ന ഇരുന്നൂറോളം സ്റ്റാൾ പ്രദർശനത്തിൽ ഉണ്ടാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ജൂവലറി വ്യാപാര മേഖലയിലെ കൺസൾട്ടിങ് സ്ഥാപനമായ പി.വി.ജെ എൻഡവേഴ്സ്, ആർട്ട് ഓഫ് ജൂവലറി (എ.ഒ.ജെ) മീഡിയ, കെ.എൻ.സി സർവിസസ് എന്നിവയാണ് സംഘാടകർ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എംപി. അഹമ്മദ്, കല്യാൺ ജൂവലേഴ്സ് ചെയർമാനും എം.ഡിയുമായ ടി.എസ്. കല്യാണരാമൻ, ജോയ് ആലുക്കാസ് ജൂവലേഴ്സ് ചെയർമാൻ ജോയ് ആലുക്കാസ്, ഭീമ ജൂവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ജോസ് ആലുക്കാസ് ചെയർമാൻ എ.വി. ജോസ് എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.ജി.ജെ.എസ് ഡയറക്ടർമാരായ പി.വി. ജോസ്, സുമേഷ് വധേര, ക്രാന്തി നാഗ്വേകർ എന്നിവർ പങ്കെടുത്തു.