- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: ഉത്തരേന്ത്യക്കാരായ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ഓൺലൈൻ ജോബ് പോർട്ടലിൽനിന്ന് ഉദ്യോഗാർഥികളുടെ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ചോർത്തി കാനഡയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും എയർടിക്കറ്റുകളും അയച്ചുകൊടുത്ത് പണം തട്ടുന്ന രണ്ടംഗ ഉത്തരേന്ത്യൻ സംഘത്തെ ഹാജരാക്കാൻ തലസ്ഥാന മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഡൽഹി സ്വദേശികളായ മുന്നകുമാർ ഗുപ്ത എന്ന വിജയ് യാദവ് (26), ശിവനഗർ ജസ്ബീർ സിങ് (54), എന്നിവരെയാണ് ഹാജരാക്കേണ്ടത്.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ സെപ്റ്റംബർ 1ന് ഹാജരാക്കാൻ സിറ്റി സൈബർ ക്രൈം പൊലീസ് ഡി വൈ എസ് പി യോടാണ് എ സിജെഎം എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടത്. 2017 ഓഗസ്റ്റ് 18 നാണ് പ്രതികൾ ഡൽഹിയിൽ അറസ്റ്റിലായത്.
ജനക്പുരി ഈസ്റ്റിന് സമീപമുള്ള ഡാബ്രി പങ്കാ റോഡിൽ നിന്നാണ് സൈബർ ക്രൈം പൊലിസ് ടീം ഇവരെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ലഭിക്കുന്നതിന് ജോബ് പോർട്ടൽ വഴി ഓൺലൈനായി പേര് രജിസ്റ്റർ ചെയ്തിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നായിരുന്നു അറസ്റ്റ്.
കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും എയർടിക്കറ്റുകളും അയച്ചുകൊടുത്തു പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി.
ഇത്തരം തട്ടിപ്പുകൾ കേരളത്തിൽ കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്നത്തെ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിൻ അഗർവാൾ എന്നിവരുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്‌പി ജോളിചെറിയാന്റെ മേൽനോട്ടത്തിൽ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ഉദ്യോഗാർഥികളുടെ പാസ്പോർട്ടുകൾ, പ്രതികളുടെ പേരിൽ വിവിധ ബാങ്കിലുള്ള അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം കാർഡുകൾ, ലാപ്ടോപ്പുകൾ, ഇന്റർനെറ്റ് ഡോങ്കിളുകൾ, വ്യാജ അഡ്രസുകളിൽ നിന്നെടുത്ത വിവിധ ഫോൺ കമ്പനികളുടെ സിം കാർഡുകൾ, വിവിധ വിദേശകമ്പനികളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ, പെൻഡ്രൈവുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ദ്വാരക മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്നുള്ള ട്രാൻസിറ്റ് റിമാൻഡ് വാറണ്ട് പ്രകാരം പ്രതികളെ കേരളത്തിലെത്തിച്ചത്. അന്വേഷണ സംഘത്തിൽ സൈബർ ക്രൈം പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ഒ.എ സുനിൽ, സബ്ഇൻസ്പെക്ടർ എൻ.ബിജു, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ ബിജുലാൽ, സുനിൽ, അനിൽ എന്നിവരാണുണ്ടായിരുന്നത്.2023 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു.



