തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റ കാലത്തെ കരാര്‍ നിയമനങ്ങള്‍ ഭൂരിപക്ഷവും പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും നല്‍കുന്നു എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ വീണ്ടും കരാര്‍ നിയമനം സജീവമാകുകയാണ്. ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് കരാര്‍ നിയമനം നടക്കുന്നത്.

മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിന് കീഴിലുള്ള കെ എസ് ഐ റ്റി ഐ എല്ലില്‍ ( KSITIL ) നാല് ഒഴിവുകള്‍ ഉണ്ട്. ചീഫ് ഫിനാന്‍സ് ഓഫിസര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, അസിസ്റ്റര്‍ എന്നീ നാല് ഒഴിവുകളാണ് ഉള്ളത്. ചീഫ് ഫിനാന്‍സ് ഓഫിസറുടെ ശമ്പള സ്‌കെയില്‍ 77400 1, 15 , 200 രൂപയാണ്. അഞ്ച് വര്‍ഷത്തെ കരാര്‍ നിയമനമാണ്.

ഉയര്‍ന്ന പ്രായ പരിധി 45 വയസ്. മാനേജര്‍ തസ്തികക്ക് 68, 700 രൂപയാണ് ശമ്പളം. ഉയര്‍ന്ന പ്രായ പരിധി 45 വയസ്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയുടെ ശമ്പളം 45, 800 രൂപയാണ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്. അസിസ്റ്റന്റിന്റെ ശമ്പളം 25,200 രൂപ. ഉയര്‍ന്ന പ്രായ പരിധി 30 വയസ്. ചീഫ് ഫിനാന്‍സ് ഓഫിസര്‍ തസ്തിക ഒഴികെയുള്ള മറ്റ് ഒഴിവുകള്‍ 2 വര്‍ഷത്തെ കരാര്‍ നിയമനം ആണ്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. താല്‍പര്യമുള്ളവര്‍ സി.എം. ഡി യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www. cmd.kerala. gov.in).