തിരുവനന്തപുരം: കേരള സർവകലാശാലയിൽ പ്രഭാഷണം നടത്തിയതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. തനിക്കെതിരായ പരാതി വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ വിശദീകരണത്തിൽ ബ്രിട്ടാസ് വ്യക്തമാക്കി.

'ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളു'മെന്ന വിഷയത്തിൽ പൗര ഉത്തരവാദിത്തങ്ങളെ ഉയർത്തിയാണ് സംസാരിച്ചത്. ആരുടെയും പേരിൽ വോട്ട് ചോദിച്ചില്ല. ഉച്ചഭക്ഷണ വേളയായതിനാൽ സർവകലാശാലയുടെ പ്രവർത്തനവും തടസ്സപ്പെട്ടിട്ടില്ലെന്ന് ബ്രിട്ടാസ് വ്യക്തമാക്കി. ബിജെപിയും യു.ഡി.എഫും നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സർവകലാശാല രജിസ്ട്രാറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.

രജിസ്ട്രാറുടെ റിപ്പോർട്ടിന് ശേഷമാണ് ബ്രിട്ടാസിനോടും പരിപാടിയുടെ സംഘാടകരായ കേരള സർവകലാശാല എംപ്ലോയീസ് യൂനിയൻ ഭാരവാഹികളോടും കമീഷൻ വിശദീകരണം തേടിയത്.