ന്യൂഡല്‍ഹി: സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെതിരെ എംഎസ്എഫ് നേതാവ് പി കെ നവാസ്. ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ മുന്നയെന്ന് നവാസ് പറഞ്ഞു. പി.എം ശ്രീ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടാസ് സഹായിച്ചുവെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജ്യസഭയിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നവാസിന്റെ പ്രതികരണം. മലയാള നാടിന് വേണ്ടി ആര്‍.എസ്.എസിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പിടുന്ന ബ്രിട്ടാസിന്റെ പണി അവസാനിപ്പിക്കണമെന്ന് നവാസ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നവാസിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മിസ്റ്റര്‍ ബ്രിട്ടാസ്, താങ്കള്‍ തന്നെയാണ് കേരളത്തിന്റെ മുന്ന, പി.എം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍ ഇന്ന് രാജ്യസഭയില്‍ വന്നു.

എന്നാല്‍ ബ്രിട്ടാസിനെ ഈ പണി ആരാണ് ഏല്‍പ്പിച്ചത്.! മലയാള നാടിന് വേണ്ടി ആര്‍.എസ്.എസിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പിടുന്ന ബ്രിട്ടാസിന്റെ പണി അവസാനിപ്പിക്കണം. ആര്‍. എസ്. എസ് എഴുതിക്കൊടുക്കുന്ന അക്ഷരമാലകള്‍ മാരാര്‍ജി ഭവനുകളില്‍ നിന്ന് കേരളത്തിലെ കലാലയങ്ങളിലേക്ക് ഇറക്കാന്‍ ബ്രിട്ടാസിനെ ആരാണ് ഏല്‍പ്പിച്ചത്.!

ആര്‍.എസ്.എസിനെതിരെ കവലകളില്‍ ചീറിപ്പായുന്ന എസ്.എഫ്.ഐ പോലും ബ്രിട്ടാസിന്റെ ഡല്‍ഹിയിലെ ഈ മധ്യസ്ഥവാസം അറിയുന്നില്ല. പാര്‍ട്ടി ബ്രിട്ടാസിനെ ഏല്‍പ്പിച്ച പണിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ വഴിയില്‍ പോയി ഇരന്ന് വാങ്ങുന്നത്.

ആര്‍.എസ്.എസ് ഇടുന്ന വിഷ വിത്തുകളെ കേരളത്തിന്റെ മണ്ണില്‍ മുളപ്പിച്ചെടുക്കാന്‍ പണിയെടുക്കുന്ന ബ്രിട്ടാസിന്റെ നെറികേടിന്റെ രാഷ്ട്രീയത്തെ മലയാളി തിരിച്ചറിയണം. ബ്രിട്ടാസ് എത്ര പാലങ്ങള്‍ ഇങ്ങനെ നിര്‍മിച്ചു എന്നത് മലയാളി ചര്‍ച്ച ചെയ്യണം. ആ പാലം ചിലപ്പോള്‍ പാലത്താഴി കേസിലേക്കും നീളും.