കണ്ണൂർ: അഞ്ച് മാസത്തെ വേതനം മുടങ്ങിയതോടെ കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ് ) ജീവനക്കാ‌ർ ധർണ്ണ സംഘടിപ്പിക്കുന്നു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് ധർണ്ണ. ഫെബ്രുവരി 19ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ധർണ്ണ ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ, എസ്.യു.ടി സംസ്ഥാന ട്രെഷറർ മാഹീൻ അബൂബക്കർ എന്നിവർ പങ്കെടുക്കും.

ആവശ്യങ്ങൾ

ശമ്പള കുടിശ്ശിക അനുവദിക്കണം

ശമ്പളം കൃത്യസമയത്ത് നൽകണം

സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുക

വൈവിധ്യവത്ക്കരണം നടപ്പിലാക്കണം

കേന്ദ്ര റിബേറ്റ് പുനസ്ഥാപിക്കണം

ജി.എസ്.ടി ഒഴിവാക്കണം

ശമ്പളപരിഷ്കരണം

വിരമിച്ചവർക്ക് യഥാസമയം ആനുകൂല്യം

സർക്കാർ ഫണ്ട് യഥാസമയം കിട്ടാതായതോടെയാണ് കൈത്തറി മേഖലയിൽ വേതനം മുടങ്ങിയത്. നിലവിൽ ആഭ്യന്തര ഉത്പ്പാദനമൊന്നും നടക്കുന്നുമില്ല. ഇതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് ജീവനക്കാ‌ർ കടന്നു പോകുന്നത്. വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ഇതുവരെ വിതരണം ചെയ്തില്ല. പെൻഷനായി കഴിഞ്ഞാൽ യഥാസമയം ആനുകൂല്യം ലഭിക്കണമെന്നിരിക്കെ വിരമിച്ച് രണ്ടും മൂന്നും നാലും വർഷങ്ങൾ കഴിഞ്ഞവർക്ക് ഗ്രാറ്റുവിറ്റി, സറണ്ടർ, പെൻഷൻ, ഡി.എ തുടങ്ങിയവ ഒന്നും നാളിതുവരെയും നൽകിയിട്ടില്ല.2019 മുതൽ വിരമിച്ചവർക്കുള്ള ആനുകൂല്യവും കുടിശ്ശികയാണ്.

സംസ്ഥാനത്ത് നടപ്പാക്കിയ മൂന്ന് ശമ്പള പരിഷ്‌ക്കരണവും ഹാൻവീവിൽ എത്തിയിട്ടില്ല. 2004 ലെ ശമ്പളപരിഷ്‌ക്കരണമാണ് ഹാൻവീവ് നടപ്പാക്കിവരുന്നത്. ഇതുമൂലം വിരമിച്ച ജീവനക്കാരിൽ 90ശതമാനം പേർക്കും തുഛമായ തുകയാണ് ആനുകൂല്യമായി ലഭിക്കാനുള്ളത്. ഓരോ മാസവും രണ്ടു വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകുമെന്ന് കോടതിയിൽ ഉറപ്പു നൽകി ഒരു വർഷം കഴിഞ്ഞെങ്കിലും വാക്കു പാലിക്കപ്പെട്ടിട്ടില്ല. ഇതോടെയാണ് ജീവനക്കാ‌ർ വീണ്ടും പ്രഷോഭസമരത്തിനൊരുങ്ങുന്നത്.