തിരുവനന്തപുരം: ആടുജീവിതം നോവലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ബെന്യാമിന്റെ അടിമുടി തട്ടിപ്പു പുറത്തു വരുന്നുവെന്ന വിശദീകരണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിക്കുന്നത് ഗൗരവമുള്ള വിഷങ്ങളാണ്. പത്രക്കുറിപ്പിലൂടെയാണ് ജോമോന്റെ ആരോപണങ്ങള്‍.

ജോമോന്റെ പത്രക്കുറിപ്പിലെ ആരോപണങ്ങള്‍ ഇങ്ങനെ-ബെന്യാമിന്റെ ആടുജീവിതം നോവല്‍ പ്രസിദ്ധീകരിച്ചത് തൃശ്ശൂര്‍ ഗ്രീന്‍ ബുക്‌സാണ്. 2008 ഓഗസ്‌ററിലാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത്. രണ്ടാം പതിപ്പ് 2021 ജനുവരിയിലും. ഈ വിവരങ്ങളെല്ലാം പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2021ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവറിന്റെ മുന്‍ പേജില്‍ 2,00,000 കോപ്പികള്‍ പ്രിന്റ് ചെയ്തുവെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പുസ്തകത്തിന്റെ പിന്‍കവറില്‍ 2,00,000 കോപ്പികള്‍ വിററഴിച്ചു എന്നാണ് പറയുന്നത്. ഈ പുസ്തകം ഗ്രീന്‍ബുക്‌സ് പ്രിന്റു ചെയ്യിപ്പിച്ചത് എറണാകുളത്തെ ഡോണ്‍ ബോസ്‌കോ പ്രസ്സിലാണ്.

2 ലക്ഷം കോപ്പികള്‍ പ്രിന്റ് ചെയ്ത് വില്‍പ്പന നടത്തിയെന്ന് പറയുമ്പോള്‍ കേരള ചരിത്രത്തില്‍ ഒരു പുസ്തകവും ഇത്രയും കോപ്പികള്‍ വിറ്റഴിച്ചിട്ടില്ലെന്ന് വായനക്കാരെ തെററിദ്ധരിപ്പിക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്. ഇതൊരു ഒന്നൊന്നര തളളാണോയെന്ന് പരിശോധിക്കാന്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. 2 ലക്ഷം കോപ്പികള്‍ ഡോണ്‍ ബോസ്‌കോ പ്രിന്റ് ചെയ്തതിന് 18 ശതമാനം വെച്ച് ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിന് ഡോണ്‍ ബോസ്‌കോ പ്രസ്സുകാരന്‍ ജിഎസ്ടി വെട്ടിച്ചിട്ടുണ്ടോയെന്ന് ജിഎസ് ടി കമ്മീഷന് പരാതി കൊടുത്താല്‍ കാര്യത്തിന് തീരുമാനമാകും. മാത്രമല്ല നോവലിസ്‌ററ് ബെന്യാമിന്‍ ലക്ഷക്കണക്കിന് രൂപയുടെ റോയല്‍റ്റി ഇനത്തില്‍ ഇന്‍കം ടാക്‌സ് അടച്ചോ എന്നും കൂടി പരിശോധിക്കേണ്ടതാണ്.

സഞ്ചാരിയും ഗ്രന്ഥകാരനും പാക്കിസ്ഥാന്‍ മുന്‍ യുഎന്‍ അംബാസിഡറുമായ മുഹമ്മദ് അന്‍സാദിന്റെ 'ദി റോഡ് ടു മെക്ക'എന്ന നോവലിന്റെ കോപ്പിയടിയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇംഗ്‌ളീഷ് പുസ്തകത്തിന്റെ കോപ്പിയടിയല്ലായെന്ന് സ്ഥാപിക്കാണ്‍ വേണ്ടി നജീബ് ആടുകളുമായി ലൈംഗീക വേഴ്ച നടത്താറുണ്ടെന്നാണ് ബെന്യാമിന്‍ നോവലില്‍ പറയുന്നത്.1954 ലാണ് 'ദി റോഡ് ടു മെക്ക' പുസ്തകം ഇറങ്ങിയത്. നജീബിന്റെ മരുഭൂമിയിലെ അനുഭവകഥയാണെന്നാണ് ആടുജീവിതം സിനിമയുടെ പ്രമോഷന് വേണ്ടി ബെന്യാമിന്‍ നജീബിനെ കൊണ്ട് പറയിപ്പിക്കുന്നത്.

ആടുജീവിതം സിനിമ ആയപ്പോള്‍ പ്രമോഷനു വേണ്ടി ന്യൂസ് ചാനലുകള്‍ക്ക് മുന്‍പിലും ഓണ്‍ലൈനുകള്‍ക്കു മുന്‍പിലും ആടുജീവിതം നോവലല്ല ഒറിജിനല്‍ ജീവിത കഥയാണെന്ന് പറയാന്‍ വേണ്ടി രംഗത്തിറക്കിയ സംവിധായകന്‍ ബ്ലെസ്സി, ബെന്യാമിന്‍, നജീബ് എന്നിവര്‍ പരസ്പരവിരുദ്ധമായ വിവരങ്ങളും നുണയും പറഞ്ഞത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.ആടുമായുളള ലൈംഗീക ബന്ധത്തെ കുറിച്ച് നോവലിലുളളത് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ''ഞാനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും കളവായി നോവലിലെഴുതിയതാണെന്നും'' പറഞ്ഞു കൊണ്ട്, ചോദ്യങ്ങളില്‍ നിന്നും നജീബ് ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.

ആടുമായുളള ലൈംഗീകബന്ധം സിനിമയില്‍ ഇല്ലാത്തതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സംവിധായകന്‍ ബ്ലെസ്സിയോടു ചോദിച്ചപ്പോള്‍ 'നോവലിന്റെ ഒരു ഭാഗത്ത് മാത്രമാണ് ആടുമായി ലൈംഗീകബന്ധമുളളത് അതിന് ശേഷം വേറെ കാര്യമാണ് നോവലില്‍ പറയുന്നത്. അതുകൊണ്ടാണ് സിനിമയില്‍ ഉള്‍പ്പെടുത്താത്തത് ''എന്നാണ്. ആടുകളുമായുളള ലൈംഗീകബന്ധം സിനിമയില്‍ ചിത്രീകരിച്ചെന്നും സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തതു കൊണ്ടാണ് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാതെ പോയെന്നാണ് നോവലിസ്‌ററ് ബെന്യാമിന്‍ മാധ്യമങ്ങളോടു പറയുന്നത്.

എന്നാല്‍ ആടുമായുളള ലൈംഗീകബന്ധം സിനിമ ഷൂട്ടിങ്ങില്‍ ചിത്രീകരിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ ബ്ലെസ്സി മാധ്യമങ്ങളോട് തീര്‍ത്ത് പറഞ്ഞിരിക്കുന്നത്. ആടുജീവിതം നോവലിലൂടെ ബെന്യാമിന്‍ ലക്ഷണമൊത്ത തട്ടിപ്പുകാരനായി വായനക്കാരെ വഞ്ചിച്ചത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ചാവിഷയമായിരിക്കയാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നു.