പത്തനംതിട്ട: പാഡി രസീത് ഷീറ്റ് (പി. ആർ. എസ്) പ്രകാരം വായ്പയായി നൽകുന്ന തുകയിൽ കർഷകന് യാതൊരു ബാധ്യതയും ഉണ്ടാകുന്നില്ലെന്ന സിവിൽ സപ്ലൈസ് മന്ത്രിയുടെ പ്രസ്താവന പൊളിച്ചടുക്കി മുൻ എംഎൽഎയും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.

പിആർഎസ് പ്രകാരമുള്ള വായ്പ തുക ബാങ്കുകൾക്ക് തിരിച്ചു നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നത് കർഷകന്റെ സിബിൽ സ്‌കോറിനെ ബാധിക്കും. ആധാർ, പാൻകാർഡ് എന്നിവയുമായി ബന്ധിക്കപ്പെട്ടതാകയാൽ എവിടെയും ഈ വിശദാംശങ്ങൾ ലഭ്യമാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹമടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്ക് കർഷകർ ബാങ്കുകളെ സമീപിക്കുമ്പോൾ ഇതു കാരണം വായ്പ നിഷേധിക്കപ്പെടുന്നു.

സർക്കാരിന്റെ വീഴ്ചയ്ക്ക് കർഷകൻ ശിക്ഷിക്കപ്പെടുന്ന അവസ്ഥ. ഈ ദുരവസ്ഥ നിലനിൽക്കുമ്പോഴാണ് സ്വന്തം വീഴ്ച മറയ്ക്കാൻ ഇക്കാര്യങ്ങൾ പാടെ നിഷേധിച്ച് മന്ത്രി കള്ള പ്രചരണം നടത്തുന്നത്. മന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കാൻ ലക്ഷ്യം വച്ചു കൊണ്ടുള്ളതുമാണ്.

നെൽ കൃഷിയും കൊയ്ത്തും സംഭരണവുമടക്കമുള്ള സമയക്രമം എല്ലാവർക്കും അറിയാമായിരിക്കേ സംഭരിക്കുന്ന നെല്ലിന്റെ വില നൽകുന്നതിൽ ഉണ്ടാകുന്ന അനിശ്ചിതമായ കാലതാമസത്തിന് യാതൊരു ന്യായീകരണവുമില്ല. ഇതുമൂലം ജീവിതാവശ്യങ്ങൾ മുടങ്ങി കർഷകൻ കടുത്ത പ്രതിസന്ധിയിലാണ്. പാടത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന് അക്രോശിച്ചവർ നെൽ കർഷകന്റെ വിയർപ്പിന്റെ വില പോലും നൽകാതെ തൊടുന്യായങ്ങൾ നിരത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണ്.

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും വീട്ടിലെ ലിഫ്റ്റിനും ഹെലികോപ്റ്ററിനും യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പള വർദ്ധനവിനും ലോപമില്ലാതെ പണം അനുവദിക്കുന്നവർ കർഷകന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലം നിഷേധിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?

ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടിയ ജയസൂര്യയേയും കൃഷ്ണപ്രസാദിനെയും ആക്രമിക്കുന്നതിന്റെ നാലിലൊരംശം ആർജവം പ്രശ്നപരിഹാരത്തിന് പ്രകടിപ്പിക്കാൻ കഴിയുമോ എന്നാണ് അറിയേണ്ടതെന്ന് പുതുശേരി പറഞ്ഞു.