തൃശൂർ: മലയാളം സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.

കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന് സാരമായ പരിക്കില്ലെന്നാണ് ആശുപത്രയിൽ നിന്നും ലഭിക്കുന്ന വിവരം.

നടൻ, നാടകകൃത്ത്, നാടക സംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകനാണ് ജോയ് മാത്യു. ഇരുപതിലേറെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്തിട്ടുണ്ട് ജോയ് മാത്യു. ഇതിൽ അതിർത്തികൾ, സങ്കടൽ എന്നിവ പ്രസിദ്ധമാണ്. നാടക രചനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡുകൾ ലഭിച്ചു.

ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന സിനിമയിൽ നായക വേഷം അവതരിപ്പിച്ചത് ജോയ് മാത്യുവാണ്. തുടർന്ന് സിനിമയിലും അദ്ദേഹം സജീവമായി. മുഖം നോക്കാതെ രാഷ്ട്രീയ വിമർശനം നടത്തുന്ന സിനിമനടൻ കൂടിയാണ് അദ്ദേഹം.