കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസ്: വിജയരാജിന്റെ കൂട്ടുപ്രതി ഷാജഹാന് മുന്‍കൂര്‍ ജാമ്യമില്ല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി വിജയരാജിന്റെ കൂട്ടു പ്രതിയായ അക്കൗണ്ടന്റ് ഷാജഹാന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പ്രസുന്‍ മോഹനാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് നിക്ഷേപകരില്‍ നിന്നും അപഹരിച്ചത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്.
അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ട് ജൂണ്‍ 22 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി വിജയരാജിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. പി. അനില്‍ കുമാറാണ് മുഖ്യ പ്രതിക്ക് ജാമ്യം നിരസിച്ചത്.
നിക്ഷേപകരെ ചതിക്കാന്‍ ലക്ഷ്യമിട്ട് പൊതു സേവകരായ പ്രതികള്‍ വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് തുകകള്‍ അപഹരിച്ചെടുത്ത് ദുര്‍വിനിയോഗം ചെയ്ത് നിക്ഷേപകരെ വിശ്വാസവഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
മരണമടഞ്ഞവരുടെയും വര്‍ഷങ്ങളായി ഇടപാട് നടത്താത്തവരുമായ പെന്‍ഷന്‍കാരുടെ ട്രഷറി സേവിംഗ്സ് ബാങ്ക് (പി റ്റി എസ് ബി) അക്കൗണ്ടുകളില്‍ നിന്ന് അവരറിയാതെ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് ടെല്ലര്‍ സിസ്റ്റം കൗണ്ടറിലൂടെയും ക്യാഷ് കൗണ്ടറിലൂടെയും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ 5 പേര് സസ്പെന്‍ഷനിലാണ്. കഴക്കൂട്ടം സബ് ട്രഷറി ഓഫീസിലെ ജൂനിയര്‍ സുപ്രണ്ടുമാരായ ശാലി, സുജ, സീനിയര്‍ അക്കൗണ്ടന്റ് ശിരീഷ് കുമാര്‍, ജൂനിയര്‍ അക്കൗണ്ടന്റുമാരായ ഷാജഹാന്, വിജയരാജ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ജൂണ്‍ 16 നാണ് ട്രഷറി ഉദ്യോഗസ്ഥരെ ട്രഷറി ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. ജൂണ്‍ 22 നാണ് അക്കൗണ്ടന്റ് വിജയരാജ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ജാമ്യം നിരസിച്ച ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.
മകളോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം ഓസ്ട്രേലിയയില്‍ കഴിഞ്ഞിരുന്ന ശ്രീകാര്യം സ്വദേശി ചെറുവയ്ക്കല്‍ ശങ്കര്‍ വില്ലാസില്‍ എം. മോഹനകുമാരി പെന്ഷന് എടുക്കാന്‍ എത്തിയപ്പോഴാണ് അവരുടെ അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് മോഹനകുമാരി ട്രഷറി ഓഫീസര്‍ക്കും കഴക്കൂട്ടം പോലീസിലും പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രഷറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ആര്. ജിജു പ്രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചവര്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഉള്‍പ്പെടെ 15 ലക്ഷത്തിലേറെ രൂപയാണ് വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതായി വ്യക്തമായത്. ഓരോ അക്കൗണ്ടുകളില്‍ നിന്നും രണ്ടിലേറെ തവണയാണ് ചെക്ക് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയത്.