തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിലെ ലേബർക്യാമ്പിൽ ഇതര സംസ്ഥാന ജാർഖണ്ഡുകാരനായ തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ലഖാന്ത്ര സാഹിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മഹേഷ് ആണ് പ്രതിയെ റിമാന്റ് ചെയ്തത്.

വിഴിഞ്ഞം പൊലീസ് പ്രതിയെ ഝാർഖണ്ഡിലെ വിട്ടിൽ നിന്ന് സെപ്റ്റംബർ 25 നാണ് അറസ്റ്റുചെയ്തത്. തുടർന്ന് തൊട്ടടുത്ത് ഉള്ള ഝാർഖണ്ഡ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് ഉത്തരവു പ്രകാരം 28 ന് കേരളത്തിലെത്തിക്കുകയായിരുന്നു. ഝാർഖണ്ഡിലെ ബാൽബദ്ധ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ലഖാന്ത്ര സാഹിൻ(44) ആണ് അറസ്റ്റിലായത്. ഝാർഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്റനാണ് (36) അടിപിടിക്കിടെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 17 ന് രാത്രി 9 ന് പുളിങ്കുടി നെട്ടത്താന്നി റോഡിലെ ലേബർ ക്യാമ്പിലാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ കന്താ ലൊഹ്റയെ പ്രതിയും ക്യാമ്പിലെ മറ്റൊരു മറുനാടൻ തൊഴിലാളിയായ സുനിലും ആദ്യം പയറുംമൂടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പിറ്റേന്ന് രാവിലെ മരണപ്പെട്ടു. മരണ വിവരമറിഞ്ഞ പ്രതിയും സുഹ്യത്തും വൈകിട്ടോടെ കേരളം വിട്ടു. പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെറ്റായ മേൽവിലാസം നൽകിയതിനാൽ വിഴിഞ്ഞം പൊലീസും വിവരമറിയാൻ വൈകി. തലക്കടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും രക്തക്കറ തുടച്ചു മാറ്റിയ തുണിയും കൃത്യ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.

പ്രതി ജാർഖണ്ഡ് നാട്ടിലെത്തിയതായി മനസിലാക്കിയ വിഴിഞ്ഞം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഝാർഖണ്ഡിലെത്തി ബാൽബദ്ദ പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ വീട് കണ്ടെത്തി. തുടർന്ന് ദ്രുത കർമ്മ സേനയുടെ സഹായത്തോടെ വീടുവളഞ്ഞ സമയത്ത് ഗ്രാമവാസികളിൽ ഒരുവിഭാഗം പ്രതിയെ കൊണ്ടുപോകുന്നത് തടഞ്ഞെങ്കിലും ഝാർഖണ്ഡ് പൊലീസ് കൂടുതൽ സേനയെ വരുത്തി പ്രതിയെ വീടിനുള്ളിൽ നിന്ന് പിടികൂടുകയായിരുന്നു.

തുടർന്ന് പ്രതിയെ വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞത്തെ എസ്‌ഐ.മാരായ ജി.വിനോദ്, ദിനേശ്, സീനിയർ സി.പി.ഒ. ഷിനു, സി.പി.ഒ,മാരായ രാമു, ഷിബു എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.