തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കാട്ടാക്കട ഡി വൈ എസ് പി റിപ്പോർട്ടും കേസ് ഡയറി ഫയലും ഹാജരാക്കി. ഇരു ഭാഗത്തിന്റെയും വാദം പൂർത്തിയായി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണു മുമ്പാകെയാണ് പ്രതികൾ വാദമുഖങ്ങൾ ബോധിപ്പിച്ചത്. 30 ന് (നാളെ) വിധി പറയും.

വാദവേളയിൽ ഒരു ഘട്ടത്തിൽ വാദിക്ക് നോട്ടീസക്കട്ടേയന്ന് ജഡ്ജി കെ. വിഷ്ണു ചോദിച്ചു. ആവശ്യമില്ലെന്ന് പ്രതികൾ ബോധിപ്പിച്ചു. ദൃശ്യങ്ങളിൽ കാണുന്ന പ്രതികളുടെ ശബ്ദരേഖ പരിശോധിക്കാൻ പ്രതികളെ (വോയ്‌സ് അനാലിസിസ് ടെസ്റ്റ് ) ശബ്ദ പരിശോധനക്ക് വിധേയമാക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.അതേ സമയം മറ്റാവശ്യങ്ങൾക്ക് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ ദുർബല റിപ്പോർട്ട് സമർപ്പിച്ചതായി ആരോപമുണ്ട്.

ജാമ്യം ലഭിക്കുന്ന എഫ് ഐ ആറിലില്ലാത്ത ജാമ്യമില്ലാ വകുപ്പുകളായ 354 ( സ്ത്രീയും മാനത്തെ അധിക്ഷേപിക്കുന്ന കൈയേറ്റ ബലപ്രയോഗം) , എസ് സി എസ് റ്റി (ഗിരി ജനപീഡനം) എന്നിവ തങ്ങൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ അഡീ. റിപ്പോർട്ട് നൽകിയതാണെന്ന് പ്രതികൾ 5 പേരും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ജില്ലാ കോടതിയിൽ ബോധിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ പ്രേമനന്റെ പ്രഥമ വിവരമൊഴിയിൽ വകുപ്പ് 354 ആകർഷിക്കുന്ന പ്രതികൾ പരസ്യമായി ചെയ്ത യാതൊരു കുത്യങ്ങളെക്കുറിച്ചും പരാമർശമില്ല. വാർത്താ മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ പുനർ ചിന്തനത്തിലൂടെ പൊലീസ് 354 കളവായി ചേർത്തതാണ്. തങ്ങൾ കെ എസ് ആർറ്റിസി ജീവനക്കാരാണ്.

കെ എസ് ആർറ്റിസി ജീവനക്കാർ കുറ്റക്കാരാണെന്ന് കാണിക്കാൻ പ്രേമനൻ ആസൂത്രണം ചെയ്ത് കൂടെക്കൊണ്ടു വന്ന ആളെക്കൊണ്ട് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഉടനടി മാധ്യമങ്ങൾക്ക് അയച്ചതാണ്. പൊലീസ് തങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്ത് മാനസിക, ശാരീരിക പീഡനങ്ങൾ ഏൽപ്പിക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നതായും പ്രതികൾ ബോധിപ്പിച്ചു. കോടതി കൽപ്പിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാൻ തയ്യാറാണ്. അതിനാൽ ജാമ്യം നൽകണമെന്നും പ്രതികൾ ബോധിപ്പിച്ചു. അതേ സമയം മകളുടെ മുന്നിലിട്ടാണോ പിതാവിനെ മർദ്ദിക്കുന്നത് എന്ന് ചോദിച്ച് സംഭവം കണ്ട ഒരു കണ്ടക്ടറാണ് ഇക്കാര്യം പരസ്യമായി ചോദ്യം ചെയ്ത് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. സംഭവം വൈറലായതോടെ സ്റ്റേഷൻ മാസ്റ്റർ ഈ കണ്ടക്ടറെ ഭീഷണിപ്പെടുത്തി ഉടൻ സ്ഥലം മാറ്റുകയും ചെയ്തു.

സ്റ്റേഷൻ മാസ്റ്ററടക്കം 5 പ്രതികൾ മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻ കൂർ ജാമ്യ ഹർജിയിൽ സെപ്റ്റംബർ 28 ന് സർക്കാർ നിലപാടറിയിക്കാനും കാട്ടാക്കട ഡി വൈ എസ് പി റിപ്പോർട്ട് ഹാജരാക്കാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടിരുന്നു. ജാമ്യഹർജിയിൽ വാദം കേട്ട് തീർപ്പു കൽപ്പിക്കുന്നതിനായി പ്രിൻസിപ്പൽ ജില്ലാ കോടതി ആറാം അഡീഷണൽ ജില്ലാ ജഡ്ജിക്ക് മെയ്ഡ് ഓവർ ചെയ്യുകയായിരുന്നു.

സെപ്റ്റംബർ 23 നാണ് പ്രതികൾ രഹസ്യമായി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ഇതു വരെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. അതേ സമയം മുൻകൂർ ജാമ്യ ഹർജിയിൽ പ്രതികളുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ജാമ്യ ഉത്തരവ് കോടതി നൽകാത്തതിനാൽ ഏതു നിമിഷവും പൊലീസിന് അറസ്റ്റ് ചെയ്യാമെന്നിരിക്കെ യൂണിയൻ നേതാക്കളായ പ്രതികളുടെ ഉന്നത സ്വാധീനത്താൽ പൊലീസ് അറസ്റ്റ് ചെയ്യാതെ നിഷ്‌ക്രിയത്വം പാലിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ആദ്യം സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പിട്ടാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ കെ എസ് ആർറ്റിസി കേസ് ചുമതല വഹിക്കുന്ന ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പോൾ പട്ടികവർഗ്ഗ അതിക്രമം തടയൽ , സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന കൈയേറ്റ ബലപ്രയോഗം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കോടതിയിൽ പൊലീസ് അഡീ. റിപ്പോർട്ട് ഹാജരാക്കുകയായിരുന്നു.

സിഐടിയു ഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽ കുമാർ, ഐഎൻടിയുസി പ്രവർത്തകനും അസിസ്റ്റന്റ് സി.പിയുമായ മിലൻ ഡോറിച്ച് , മെക്കാനിക്ക് എസ്. അജികുമാർ എന്നീ 5 പ്രതികളാണ് മുൻകൂർ ജാമ്യം തേടിയത്. തങ്ങൾ നിരപരാധികളും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്തതുമാണ്. കോടതി നിഷ്‌ക്കർശിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ തയ്യാറാണ്. അറസ്റ്റും റിമാന്റും തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. അതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം കൊടുക്കണമെന്നാണ് ഹർജിയിൽ പ്രതികളുടെ ആവശ്യം.

ജാമ്യമില്ലാ വകുപ്പ് ആയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 , പട്ടികവർഗ്ഗ ഗിരിജന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. മാധ്യമങ്ങളുടെയും ജനശ്രദ്ധയും തിരിച്ചു വിടാൻ പൊലീസ് ഒത്താശയോടെയാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതെന്നും ആരോപണമുണ്ട്.

അതേസമയം 4 പ്രതികളെ ആദ്യം സസ്‌പെന്റ് ചെയ്‌തെങ്കിലും ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജികുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജികുമാറിന തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി കെഎസ്ആർടിസി വിജിലൻസ് സംഘം വീട്ടിൽ ചെന്ന് മർദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്‌മെന്റിന്റെ ആലോചന.

സംഭവം ഹൈക്കോടതി പരിഗണിച്ചതോടെയാണ് കേസ് ഫയലിന് അനക്കം വെച്ചത്. മർദ്ദനത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടിക്ക് കൈമാറിയിട്ടുണ്ട്. . കാട്ടക്കട സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോർട്ടിൽ പറയുന്നത്.