- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 കോടി രൂപയുടെ 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹാജരാകാൻ ഉത്തരവ്; വിസ്തരിക്കുക ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രഘുവിനെ
തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 19 പ്രതികൾ വിചാരണ നേരിടുന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനും 54 ആം സാക്ഷിയുമായ മുൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി രഘു ഒക്ടോബർ 7 ന് ( നാളെ) ഹാജരാകാനുത്തരവ്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ 54 ആം സാക്ഷിയെ 7 ന് വിസ്തരിക്കാനും അഡീ. സി.ജെ.എം. ഷിബു ഡാനിയേൽ ഉത്തരവിട്ടു. കേസിൽ ഇതിനോടകം 53 സാക്ഷികളെ വിസ്തരിക്കുകയും 90 രേഖകൾ അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.
17 ലക്ഷം നിക്ഷേപിച്ച ഒന്നാം സാക്ഷിയായ ഉള്ളൂർ മണ്ണന്തല ലളിത സദനത്തിൽ ബിന്ദു ബിനു (48) അടക്കം 54 സാക്ഷികളുടെ സാക്ഷി വിസ്താര വിചാരണ 8 മാസത്തിനകം പൂർത്തിയാക്കി കേസ് തീർപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വിചാരണ കോടതി വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നത്. 2013 മാർച്ച് 7 ന് പ്രോസിക്യൂഷൻ ഭാഗം ഒന്നാം സാക്ഷിയായ ബിന്ദുവിനെ ചീഫ് വിസ്തരിച്ച ശേഷം ക്രോസ് വിസ്തരിക്കാതെ പ്രതികൾ കൂടുതൽ സമയം തേടി 7 വർഷം കാലവിളംബം വരുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിന്ദു ബിനു ഹൈക്കോടതിയിൽ ഒ പി (ക്രിമിനൽ) 273/2020 നമ്പരായി സമർപ്പിച്ച കേസ് വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിയിൽ മജിസ്‌ട്രേട്ടിനോട് ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ റിപ്പോർട്ട് തേടിയിരുന്നു.
കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ പരിമിത എണ്ണം കേസുകൾ മാത്രമാണ് കോടതി പരിഗണിക്കുന്നതെന്നും കേസിൽ 19 പ്രതികളും 54 സാക്ഷികളുമുണ്ടെന്നും ഒന്നാം സാക്ഷിയെ 2013 ൽ മുൻ മജിസ്‌ട്രേട്ട് ചീഫ് വിസ്തരിച്ചതായും ഒരു വർഷത്തിനകം കേസ് തീർപ്പാക്കാമെന്നും പുതുതായി സ്ഥാനമേറ്റ അഡീ. സിജെഎം ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഉറപ്പ് നൽകി. റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതി 2011 ൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ പ്രതികളുടെ വിമനസ്‌കത കാരണമാണ് സാക്ഷിയുടെ ക്രോസ് വിസ്താരം വർഷങ്ങളായി മാറ്റിവയ്ക്കപ്പെട്ടതെന്നും നിരീക്ഷിച്ചു. വിചാരണ പുനരാരംഭിക്കാൻ ഉത്തരവിടുകയും 8 മാസം കൊണ്ട് കേസിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി വിധിന്യായം പുറപ്പെടുവിക്കുകയുമായിരുന്നു.
2008 ൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ്‌പി ആർ. രഘുവാണ് 2011 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.