തിരുവനന്തപുരം: പീഡനം അടക്കം അദ്ധ്യാപിക നൽകിയ പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ ജഡ്ജി പ്രസുൻ മോഹനാണ് കേസ് പരിഗണിക്കുന്നത്.

പെൺ സുഹൃത്തും ആലുവ സ്വദേശിനിയുമായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നും, പരാതി പിൻവലിക്കാൻ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഡന ആരോപണ മൊഴിയിൽ കോവളം പൊലീസ് പീഡനത്തിന് അഡീഷണൽ റിപ്പോർട്ട് കൊടുത്തിരുന്നു. പേട്ടയിലെ വീട്ടിൽ അതിക്രമിച്ചു കടന്ന് അദ്ധ്യാപികയുടെ തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് മർദിച്ച കോവളം മാനഭംഗക്കേസിലും പ്രതിയാണ് എംഎൽഎ.

ഹർജിയിൽ ഒക്ടോബർ 15 ന് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കാനും പ്രതിയും സർക്കാരും വാദം ബോധിപ്പിക്കാനും സെഷൻസ് കോടതി ഉത്തരവുണ്ട്. മിസ്സിങ് കേസിന് മജിസ്‌ട്രേട്ട് മുമ്പാകെ യുവതിയെ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം യുവതി മൊഴിയായി നൽകിയത്.