തിരുവനന്തപുരം: കള്ളിൽ സ്പിരിറ്റ് ചേർക്കാൻ വിസമ്മതിച്ചതിന് ആനാട് പുത്തൻപാലം കള്ള് ഷാപ്പിലെ സെയിൽസ്മാനെ മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച വധശ്രമ കേസിൽ പൊലീസ് കുറ്റപത്രത്തിൽ ഒഴിവാക്കിയ 2 പേരെ പ്രതി ചേർത്ത് വിചാരണക്കോടതി നേരിട്ട് കേസെടുത്തു. ആനാട് തടത്തരികത്ത് വീട്ടിൽ സുധാകരൻ മകൻ നെട്ടറക്കോണം ഷിബു, ആര്യനാട് കോട്ടയ്ക്കകം റോഡരികത്ത് വീട്ടിൽ സുരേന്ദ്രൻ മകൻ ആര്യനാട് അജയൻ എന്നിവരെയാണ് കൂടുതലായി പ്രതി സ്ഥാനത്ത് ചേർത്ത് പൊലീസ് കുറ്റപത്രത്തിലെ 7 പ്രതികൾക്കൊപ്പം വിചാരണ നേരിടാൻ ഉത്തരവിട്ടത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു മുമ്പാകെ വന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. 2 പേർ കൂടി കൃത്യത്തിൽ ഉൾപ്പെട്ടതായി വന്ന മൊഴി പ്രകാരമാണ് കോടതി ഇവരെ പ്രതി ചേർത്തത്. നവംബർ 14 ന് 2 പ്രതികൾ ഹാജരാകാനും കോടതി ഉത്തരവിട്ടു.

കരകുളം സതിഭവനിൽ ജയചന്ദ്രൻ മകൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ലിജേഷ്, കാഞ്ഞിരംപാറ ഇടപ്പറമ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ മകൻ പ്രവീൺ,
ഏണിക്കര ബിനു ഭവനിൽ വിജയൻ മകൻ പൾസർ അനി എന്ന് വിളിക്കുന്ന അനിൽകുമാർ, കരകുളം ആറ്റരികത്ത് വീട്ടിൽ തങ്കപ്പൻ മകൻ വിനോദ്, കാഞ്ഞിരംപാറ വി.കെ.പി.നഗറിൽ വിശ്വനാഥൻ മകൻ കൊച്ചപ്പി ബിനു എന്ന് വിളിക്കുന്ന ബിനുകുമാർ, കാഞ്ഞിരംപാറ ശ്രീശൈലം വീട്ടിൽ വിഷ്ണു മകൻ ഉണ്ണി, പാറക്കുഴി കുട്ടപ്പൻ മകൻ റിജു എന്ന് വിളിക്കുന്ന ശ്യാം എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന ഒന്നു മുതൽ ഏഴ് വരെ പ്രതികൾ.

2008 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് റേഞ്ചിലെ പുത്തൻപാലം കള്ള് ഷാപ്പിലെ ജീവനക്കാരനായിരുന്ന ആനാട് സ്വദേശി ലാലു എന്ന് വിളിക്കുന്ന ബാലചന്ദ്രനെ കള്ള്ഷാപ്പിന്റെ ബിനാമി നടത്തിപ്പ്കാരായിരുന്ന നെട്ടറക്കോണം ഷിബുവിന്റേയും ആര്യനാട് അജയന്റേയും നേതൃത്വത്തിൽ 8 ഓളം പേർ ഷാപ്പിനകത്ത് കയറി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ആക്രമണത്തിൽ ബാലചന്ദ്രന്റെ വലത്തേ കൈയിലെ രണ്ട് വിരലുകളും, കാൽപാദങ്ങളും പൂർണ്ണമായും വേർപെട്ടു പോയിരുന്നു.

കള്ളിൽ സ്പിരിറ്റ് കലർത്തി വിൽക്കാൻ ആവശ്യപ്പെട്ടത് എതിർത്തതാണ് വിരോധ കാരണം. കൃത്യത്തിന് മൂന്നാം നാൾ ആശുപത്രി കിടക്കയിൽ വച്ച് നെടുമങ്ങാട് പൊലീസ് മുമ്പാകെ ബാലചന്ദ്രൻ മൊഴി കൊടുത്തിരുന്നു. തന്നെ ആക്രമിച്ചവരുടെ പേര് വിവരങ്ങൾ പൊലീസിനോട് പറഞ്ഞ് കൊടുത്തിരുന്നുവെന്നും പ്രതികളുടെ രാഷ്ടീയ സ്വാധീനത്താൽ പൊലീസ് യഥാർത്ഥ പ്രതികളെ ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയതെന്നും ചീഫ് വിസ്താരമദ്ധ്യേ ബാലചന്ദ്രൻ മൊഴി നൽകി. പൊലീസ് ഒഴിവാക്കിയ പ്രതികളെ കൂടി ഉൾപ്പെടുത്തി വിചാരണ നടത്തണമെന്ന ഹർജിയിലാണ് കോടതി ഉത്തരവ്.