- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വിചാരണ കോടതി വെള്ളിയാഴ്ച നേരിട്ട് ചോദ്യം ചെയ്യും
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ സ്‌ക്രെമേനയെ കൊലപ്പെടുത്തിയ കേസ് കേസിൽ രണ്ടു പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി വെള്ളിയാഴ്ച നേരിട്ട് ചോദ്യം ചെയ്യും. ഒക്ടോബർ 21 ന് പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടിട്ടുണ്ട്. പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തുന്നത്.
സാക്ഷി വിസ്താര വിചാരണയിൽ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും തെളിവിൽ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ വച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്യുന്നത്. ലിഗയുടെ സഹോദരി ഇൽസ എല്ലാ വിചാരണ ദിവസവും കോടതിയിൽ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു.
കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ.2018 മാർച്ച് 14 നാണ് കേസിനാസ്പദമായ പീഡന , കൊലപാതക സംഭവം നടന്നത്. 37-ാം നാൾ ഏപ്രിൽ 20നാണ് അഴുകി ജീർണിച്ച തലവേർപ്പെട്ട നിലയിൽ മൃതശരീരം കണ്ടെടുക്കുന്നത്. ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.