തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി നേരിട്ട് ചോദ്യം ചെയ്തു. തങ്ങൾക്ക് ലിഗയെ അറിയില്ലെന്ന് പ്രതികൾ ബോധിപ്പിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നും പ്രതികൾ ബോധിപ്പിച്ചു. പ്രതിഭാഗം തെളിവോ സാക്ഷികളോ ഉണ്ടെങ്കിൽ ഒക്ടോബർ 25 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്.

സാക്ഷി വിസ്താര വിചാരണയിൽ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും തെളിവിൽ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ വച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്തത്. ലിഗയുടെ സഹോദരി ഇൽസ എല്ലാ വിചാരണ ദിവസവും കോടതിയിൽ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു.